ഡൊണാൾഡ് ട്രംപ് | Photo: AFP
ന്യൂയോർക്ക്: അവിഹിതബന്ധം മൂടിവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ മാൻഹാട്ടൻ ക്രിമിനൽക്കോടതി ചുമത്തിയത് 34 ക്രിമിനൽക്കുറ്റങ്ങൾ. ചൊവ്വാഴ്ച കോടതിയിൽ കീഴടങ്ങിയ ട്രംപ് വിചാരണവേളയിൽ എല്ലാകുറ്റങ്ങളും നിഷേധിച്ചു. ഡിസംബർ നാലിനാണ് കേസിലെ അടുത്തവാദം. അന്നും ട്രംപ് നേരിട്ട് കോടതിയിൽ ഹാജരാകണം.
കുറ്റംചുമത്തലിനും അറസ്റ്റിനും വിചാരണയ്ക്കും വിധേയനാകുന്ന യു.എസിലെ ആദ്യ മുൻപ്രസിഡന്റാണ് ട്രംപ്. 2024-ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുകയാണ് അദ്ദേഹം.
2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വത്തെ ബാധിക്കുന്ന വിവരം മറച്ചുവെക്കാൻ നിയമവിരുദ്ധമായി പണം നൽകി എന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപിന്റെ പേരിലുള്ളത്. ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നതാണ് പ്രധാന കുറ്റം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾമുമ്പ് ട്രംപിന്റെ അന്നത്തെ അഭിഭാഷകൻ മൈക്കൽ കോഹനാണ് സ്റ്റോമിക്ക് 1.3 ലക്ഷം ഡോളർ (ഏകദേശം ഒരുകോടിയിലേറെ രൂപ) കൈമാറിയത്. പ്രസിഡന്റായി സ്ഥാനമേറ്റശേഷം കോഹന് ഈ പണം ട്രംപ് തിരിച്ചുകൊടുത്തു. മാസംതോറും ചെക്കായിട്ടാണ് പണം കൊടുത്തത്. 2017 ഡിസംബറിൽ പണമിടപാട് അവസാനിച്ചു. ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷന്റെ നിയമകാര്യങ്ങൾ നോക്കുന്നതിനുള്ള ഫീസായാണ് ഇതുരേഖപ്പെടുത്തിയത്.
34 കുറ്റങ്ങളിൽ 11 എണ്ണം ഈ ചെക്കുകൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. 11 എണ്ണം കോഹൻ, ട്രംപ് ഓർഗനൈസേഷനുനൽകിയ കണക്കുകളും 12 എണ്ണം കമ്പനിയുടെ കണക്കുപുസ്തകത്തിലെ വരവുവെക്കലുകളുമായി ബന്ധപ്പെട്ടവയുമാണ്.
സ്റ്റോമിയുടേത് ഒറ്റപ്പെട്ടസംഭവമല്ലെന്നു തെളിയിക്കാൻ, സമാനമായ മറ്റാരോപണങ്ങൾ മൂടിവെക്കാൻ ട്രംപ് പണം നൽകിയതിന്റെ രേഖകളും പ്രോസിക്യൂട്ടർമാർ ഹാജരാക്കി. അവിഹിതബന്ധം മറയ്ക്കാൻ പ്ലേബോയ് മോഡൽ കാരൻ മക്ഡൗഗലിനും വിവാഹേതരബന്ധത്തിൽ കുട്ടിയുള്ള വിവരം മറയ്ക്കാൻ ട്രംപ് ടവറിലെ ജീവനക്കാരനും പണം നൽകിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
ട്രംപ് എത്തുന്നതിനുമുമ്പേ മാൻഹാട്ടൻ കോടതിപരിസരം അദ്ദേഹത്തിന്റെ അനുയായികളാൽ നിറഞ്ഞു. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ ന്യൂയോർക്ക് പോലീസ് കനത്തകാവലേർപ്പെടുത്തിയിരുന്നു. കേസ് നടത്തിപ്പിനായി ട്രംപുണ്ടാക്കിയ നിധിയിലേക്ക് 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ ഡോളറാണ് (328 കോടിയിലേറെ രൂപ) അനുയായികൾ നൽകിയത്.
മിണ്ടിയത് ആറുതവണ
പ്രാദേശികസമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരായ ട്രംപിനെ നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റുചെയ്ത്, ഫോട്ടോയെടുത്തു. ഒരുമണിക്കൂറോളമാണ് വിചാരണ നീണ്ടത്. ഈസമയത്ത് ജഡ്ജി വാൻ മെർച്ചൻ ചോദിച്ച ആറുചോദ്യങ്ങൾക്ക് ഉത്തരംനൽകുകമാത്രമാണ് ട്രംപ് ചെയ്തത്. ഉത്തരങ്ങളിലേറെയും ഒറ്റവാക്കിലായിരുന്നു.
“അമേരിക്കയിൽ ഇതുനടക്കുമെന്നു കരുതിയില്ല”
കോടതിയിൽനിന്ന് തിരിച്ച് ഫ്ളോറിഡയിലെ താമസസ്ഥലമായ മാർ എ ലാഗോയിൽ എത്തിയശേഷമാണ് അറസ്റ്റിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. അമേരിക്കയിൽ ഇതുനടക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് 25 മിനിറ്റുനീണ്ട പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
“തകർക്കാൻ ശ്രമിക്കുന്നവരിൽനിന്ന് നമ്മുടെ രാജ്യത്തെ സുധീരം സംരക്ഷിക്കാൻ ശ്രമിച്ചു എന്നതുമാത്രമാണ് ഞാൻചെയ്ത ഏക കുറ്റകൃത്യ”മെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്‌ജി വാൻ മെർച്ചനും കുടുംബത്തിനും തന്നോടുവെറുപ്പാണെന്നും മകൾ യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പമാണ് ജോലിചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
കേസിനെപ്പറ്റി പരസ്യമായി സംസാരിക്കുന്നതിൽനിന്ന് ട്രംപിനെയോ അഭിഭാഷകരെയോ ജഡ്ജി വിലക്കിയിട്ടില്ല. എന്നാൽ, വിമർശനം തുടർന്നാൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് മൂന്നാംലോകയുദ്ധം നടക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിന്റെ പേരിലുള്ള കേസിനെക്കുറിച്ച് ബൈഡൻ പ്രതികരിച്ചിട്ടില്ല.
Content Highlights: donald trump plead no guilty of 34 charges


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..