-
ദുബായ്: ചൈനയിൽനിന്നെത്തിയ നാലംഗ കുടുംബത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇ.യിൽ ഈ വൈറസ് ബാധ ആദ്യമായാണ് കാണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ചൈനയിൽ വൈറസ് ബാധയുള്ള വുഹാൻസിറ്റിയിൽനിന്നെത്തിയ കുടുംബത്തിനാണ് രോഗബാധയുള്ളത്.
നേരത്തേ നിരീക്ഷണത്തിലായിരുന്ന കുടുംബത്തിന് വൈറസ് ബാധയുണ്ടെന്ന് ബുധനാഴ്ചയാണ് മന്ത്രാലയം ട്വിറ്റർ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇതുപടരാതിരിക്കാനുള്ള എല്ലാനടപടികളും സ്വീകരിച്ചതായും യു.എ.ഇ. ആരോഗ്യപ്രതിരോധമന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു. ജനുവരി പതിനാറിനാണ് ചൈനക്കാരുടെ കുടുംബം വുഹാനിൽനിന്ന് ദുബായിലെത്തിയത്. എന്നാൽ 23-നാണ് രോഗലക്ഷണങ്ങളുമായി ഇവർ ചികിത്സ തേടിയെത്തിയത്. വിമാനത്താവളത്തിൽ ഇവർ നേരത്തേ പ്രാഥമികപരിശോധനയ്ക്ക് വിധേയരായിരുന്നുവോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇത്തരം രോഗപരിശോധനയ്ക്കായുള്ള രാജ്യത്തെ എല്ലാ മെഡിക്കൽ ലാബുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സംശയമുള്ളവരെ ഇവിടെ നിരീക്ഷിക്കാനായാണ് ഈസംവിധാനം.
ആദ്യ രോഗബാധ സ്ഥിരീകരിച്ചതോടെ യു.എ.ഇ.യിലെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യപരിശോധനയും നിരീക്ഷണവും കർശനമാക്കി. ചൈനയിൽനിന്ന് എത്തുന്നവരെയാണ് കൂടുതലായും പരിശോധിക്കുന്നത്. അടുത്തകാലത്തായി ചൈനയിൽനിന്ന് ആയിരക്കണക്കിന് സന്ദർശകരാണ് ദുബായിലെത്തുന്നത്. കഴിഞ്ഞവർഷം ദുബായ് വിമാനത്താവളംവഴി മാത്രം 36 ലക്ഷം ചൈനക്കാരാണ് എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..