റിയൽ എസ്റ്റേറ്റ് ഇടപാടിൽ ദുബായിക്ക് വൻനേട്ടം


2 min read
Read later
Print
Share

ദുബായിലെ പുതിയ ഡൗൺടൗൺ സർക്കിളിന്റെ ഘടന

ദുബായ്: ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 600 കോടി ദിർഹത്തിന് (13,510 കോടി രൂപ) മുകളിലുള്ള ഇടപാടുകളിലൂടെ 88 ആഡംബരവീടുകളുടെ വിൽപ്പന നടന്നതായി റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെതാണ് പഠനം. പാം ജുമൈറ, എമിറേറ്റ്‌സ് ഹിൽസ്, ജുമൈറ ബേ ഐലൻഡ് എന്നിവയുൾപ്പെടുന്ന ദുബായിലെ പ്രധാനയിടങ്ങളിൽ ഈ മാസം ആദ്യപാദത്തിൽ ഒരുകോടി ഡോളറിന്റെ (82.7 കോടി രൂപ) ഭവനവിൽപ്പനയാണ് നടന്നത്. വിവിധരാജ്യങ്ങളിലുള്ള സന്പന്നർ ദുബായിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും 250 കോടി ഡോളറിന്റെ (20,676 കോടി രൂപ) റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തുമെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.

ബീച്ച് വില്ലകൾ കൊണ്ട് സമൃദ്ധമായ ദുബായിലെ പാം ജുമൈറപോലുള്ള സ്ഥലങ്ങൾക്ക് ആഗോളതലത്തിൽ റെക്കോഡ്‌വിലയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തുവിലകൊടുത്തും ഇവിടെയുള്ള വീടുകൾ സ്വന്തമാക്കാനാണ് ആഗോളനിക്ഷേപകർ തമ്മിൽ മത്സരിക്കുന്നത്. ഒരുകോടി ഡോളറിലേറെ ആസ്തിയുള്ള 71 ശതമാനം നിക്ഷേപകരും ദുബായിൽ വീടുകൾ വാങ്ങാൻ താത്പര്യംപ്രകടിപ്പിച്ചതായും പലരും രണ്ടുകോടി ഡോളറിലേറെ (165 കോടി രൂപ) ഇതിനായി നീക്കിവെക്കാൻ തയ്യാറാണെന്നും നൈറ്റ് ഫ്രാങ്ക് മേധാവി ഫൈസൽ ദുറാനി സൂചിപ്പിച്ചു.

ആഗോളസമ്പന്നരുടെ പ്രിയപ്പെട്ട സാമ്പത്തിക ലക്ഷ്യസ്ഥാനമാണ് ദുബായ്. കഴിഞ്ഞവർഷം ദുബായിൽ ഒരുകോടി ഡോളറിലേറെ വിലയുള്ള വീടുകൾ സ്വന്തമാക്കാനായി ആഗോളസമ്പന്നർ ആകെ ചെലവഴിച്ചത് 380 കോടി ഡോളറായിരുന്നു (31,428 കോടി രൂപ). കൺസൾട്ടൻസി ആഗോളതലത്തിൽ 183 നിക്ഷേപകർക്കിടയിലാണ് സർവേനടത്തിയത്. ആഗോളതലത്തിലുള്ള നിക്ഷേപകരിലേറെപ്പേരും ദുബായിൽ വിശാലമായ താമസയിടങ്ങൾ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. ദുബായ് മറീന, ബിസിനസ് ബേ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലെ താമസയിടങ്ങൾക്കാണ് ഏറെ പ്രിയം. ആഡംബരവിഭാഗത്തിൽ പാം ജുമൈറ, ഡൗൺടൗൺ, അറേബ്യൻ റാഞ്ചസ് എന്നിവിടങ്ങളിലെ താമസയിടങ്ങളാണ് ഭൂരിഭാഗംപേരും വാങ്ങാൻ താത്പര്യംകാണിക്കുന്നത്. സൗകര്യങ്ങളും നിലവാരവുമാണ് ആളുകൾ കൂടുതലായി ആഗ്രഹിക്കുന്നതെന്നും അതിനനുസരിച്ച് മാറ്റംവരുത്തുന്ന പ്രദേശങ്ങളിലാണ് ഇടപാടുകൾ കൂടുതലായി നടന്നതെന്നും പഠനറിപ്പോർട്ടിലുണ്ട്.

2009-ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗം ഇപ്പോഴുള്ളത്. ഗോൾഡൻവിസ ഉൾപ്പെടെയുള്ള ആകർഷണങ്ങളും ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 20 ലക്ഷം ദിർഹത്തിന് (4.5 കോടി രൂപ) മുകളിൽ മൂല്യമുള്ള വസ്തു സ്വന്തമായിട്ടുള്ളവർ 10 വർഷത്തെ കാലാവധിയുള്ള ഗോൾഡൻവിസയ്ക്ക് യോഗ്യതനേടും. പല റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും ഇത്തരത്തിൽ സൗജന്യ ഗോൾഡൻവിസ ഉൾപ്പെടെയുള്ള ഓഫറുകളും മുന്നോട്ടുവെക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..