ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പ്: മാക്രോണിന് വെല്ലുവിളിയായി ഇടതുപക്ഷം


ഇമ്മാനുവൽ മാക്രോൺ| Photo: AP

പാരീസ്: ഫ്രഞ്ച് ദേശീയസഭയുടെ അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടന്നു. 577 അംഗസഭയിൽ കേവലഭൂരിപക്ഷം നേടാനാവുമെന്നാണ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പ്രതീക്ഷ. എന്നാൽ, ഇക്കുറി ഇടതുപക്ഷം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഏപ്രിലിൽനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാംവട്ടവും വിജയിച്ച മാക്രോൺ, രാജ്യത്ത് ഇനി മാറ്റങ്ങളുടെ കാലമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നികുതികുറയ്ക്കൽ, വിരമിക്കൽപ്രായം ഉയർത്തൽ എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാനമാറ്റങ്ങൾ. പാർലമെന്റിൽ ഭൂരിപക്ഷം നേടാനായാൽ മാക്രോണിന് തന്റെ നയങ്ങൾ വലിയ എതിർപ്പുകളില്ലാതെ നടപ്പാക്കാനാകും. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ഐക്യപ്പെട്ട ഇടതുകക്ഷികൾ ഒറ്റക്കെട്ടായാണ് ഇക്കുറി തിരഞ്ഞെടുപ്പ് നേരിടുന്നത്.

ഗ്രീൻപാർട്ടിയും കമ്യൂണിസ്റ്റുകളും ഉൾപ്പെടുന്ന സഖ്യത്തിന് നേതൃത്വം നൽകുന്നത് ജീൻ ലൂക് മെലെങ്കോണാണ്. ഇവർ ഇരുനൂറിലധികം സീറ്റുനേടുമെന്നും എന്നാൽ, കേവലഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് നിലവിലെ വിലയിരുത്തൽ. മാക്രോണിന് 260-320 സീറ്റുകൾ ലഭിച്ചേക്കാം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ എതിരാളിയായിരുന്ന മാരിൽ ലെ പെന്നിന്റെ പാർട്ടിയും മത്സരത്തിനുണ്ട്. 289 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ആർക്കും ഈസംഖ്യ കടക്കാനായില്ലെങ്കിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ഫ്രാൻസ് നീങ്ങും.

പാർലമെന്റിൽ ഭൂരിപക്ഷം നേടുന്നവരിൽനിന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. പ്രസിഡന്റും പ്രധാനമന്ത്രിയും രണ്ടുചേരികളിൽനിന്നാകുന്ന അവസ്ഥ 1997-’2002 കാലത്ത് ഫ്രാൻസിലുണ്ടായി. വലതുപക്ഷക്കാരനായ ജാക് ഷിറാകായിരുന്നു പ്രസിഡന്റ്. സോഷ്യലിസ്റ്റായ ലയണൽ ജോസ്പിൻ പ്രധാനമന്ത്രിയും. ഇരുവരുടെയും സഹവർത്തിത്വം ആരോഗ്യകരമായിരുന്നില്ല.

Content Highlights: election frnace emmanuel macron left front

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..