File Photo: AFP
കൊളംബോ: 3.8 ലക്ഷം കോടി രൂപയുടെ വിദേശകടം വീട്ടുന്നതിൽ വീഴ്ച സംഭവിച്ചതായി ശ്രീലങ്കൻസർക്കാർ. വിദേശസർക്കാരുകളിൽനിന്നുള്ള വായ്പകൾ അടക്കം മുഴുവൻ ബാധ്യതകളും വീട്ടുന്നതിൽ വീഴ്ച സംഭവിച്ചതായി ശ്രീലങ്കൻ ധനമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നാണയനിധിയുമായുള്ള ചർച്ചകൾക്കുമുന്നോടിയാണ് പ്രഖ്യാപനം.
കടം ശ്രീലങ്കൻരൂപയിൽ തിരിച്ചടയ്ക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ചൈന, ജപ്പാൻ രാജ്യങ്ങളിൽനിന്നാണ് ശ്രീലങ്ക കൂടുതൽ കടം വാങ്ങിയിട്ടുള്ളത്.
അതിനിടെ, രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമായി മരുന്നെത്തിക്കണമെന്ന് സർക്കാർഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. മരുന്നുകളുടെ അപര്യാപ്തതയെത്തുടർന്ന് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു.
പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കൊളംബോയിെല കാര്യാലയത്തിനുമുന്നിലെ പ്രതിഷേധം തുടർച്ചയായ നാലാംദിവസവും തുടർന്നു. ചൊവ്വാഴ്ച ആയിരക്കണക്കിനുപേരാണ് രാജിയാവശ്യവുമായി പ്രതിഷേധത്തിനെത്തിയത്.
പുതുവത്സരാഘോഷത്തിനായി ഇന്ത്യയുടെ 11,000 ടൺ അരിയെത്തി
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കക്കാർക്ക് പുതുവത്സരമാഘോഷിക്കാൻ ഇന്ത്യയുടെ സമ്മാനമായി 11,000 ടൺ അരി ചൊവ്വാഴ്ച കൊളംബോയിലെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ശ്രീലങ്കക്കാർ ദേശീയ പുതുവത്സരദിനമായി ആഘോഷിക്കുന്നത്. ഇതോടെ കഴിഞ്ഞയാഴ്ചമാത്രം ശ്രീലങ്കയ്ക്കു 16,000 ടൺ അരി നൽകിയതായി ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..