ഇമ്രാൻ ഖാന്റെ വസതിയിൽ കടന്നുകയറി പോലീസ്; സംഭവം ഇമ്രാൻ കോടതിയിൽ ഹാജരാകാൻ പുറപ്പെട്ട സമയത്ത്


Photo: AP

ലഹോർ: പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റ ലഹോറിലെ സമൻപാർക്ക് വസതിയിൽ പോലീസ് പരിശോധന. തോഷാഖാനക്കേസിൽ ഹാജരാകാനായി ഇമ്രാൻ ശനിയാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയിലേക്കുപോയ സമയത്താണ് പഞ്ചാബ് പോലീസ് വസതിക്കുള്ളിൽ പ്രവേശിച്ചത്.

നടപടിയിൽ പ്രതിഷേധിച്ച മുപ്പതിലധികം പാകിസ്താൻ തെഹര്‌കി ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. നൂറുകണക്കിന് പ്രവർത്തകരെ പോലീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പോലീസിന്റെ ക്രൂരനടപടിയിൽ ഒട്ടേറെ പാർട്ടിപ്രവർത്തകർക്ക് പരിക്കേറ്റതായി പി.ടി.ഐ. ആരോപിച്ചു. വസതിക്കുപുറത്ത് പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിവീശുന്ന വീഡിയോ പി.ടി.ഐ. പുറത്തുവിട്ടു.

പതിനായിരത്തിലധികം പോലീസുകാരടങ്ങിയ സംഘമാണ് പ്രത്യേകദൗത്യത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിന് അയവുവരുത്താനും സമൻ പാർക്കിൽനിന്ന് ആളുകളെ മാറ്റാനുമായിരുന്നു പോലീസ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. നിരോധിതസംഘടനകളിൽപ്പെട്ടവരടക്കം മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്ന് വിവരവിനിമയമന്ത്രി അമിർ മിർ അറിയിച്ചു. ഭീകരവാദവിരുദ്ധകോടതിയുടെ സെർച്ച് വാറന്റുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാർച്ച് 18-നുമുമ്പായി ഇമ്രാനെ അറസ്റ്റുചെയ്യണമെന്ന്‌ ഉത്തരവിട്ട് തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഇഖ്ബാൽ ജാമ്യമില്ലാ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റൊഴിവാക്കാൻ ദിവസങ്ങളായി വീട്ടിൽക്കഴിയുകയായിരുന്നു ഇമ്രാൻ. പുറത്ത് അദ്ദേഹത്തിന്റെ അനുയായികളും അറസ്റ്റുചെയ്യാനെത്തിയ പോലീസും തമ്മിൽ സംഘർഷാവസ്ഥയും നിലനിന്നിരുന്നു. ഒന്നരവർഷംമുമ്പ് രജിസ്റ്റർചെയ്ത കേസിൽ കോടതിയിൽ ഹാജരാകാനുള്ള നിർദേശം ഇമ്രാൻ പലതവണ അവഗണിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷാഖാന വകുപ്പിൽനിന്ന് തുച്ഛവിലയ്ക്കെടുത്ത് സ്വന്തം നിലയ്ക്കുവിറ്റ് വൻലാഭമുണ്ടാക്കിയെന്നാണ് ഇമ്രാന്റെ പേരിലുള്ള കേസ്.

ഏതുനിയമപ്രകാരമാണ് പോലീസിന്റെ നടപടിയെന്ന് ഇമ്രാൻ

ബാരിക്കേഡുകൾ തകർത്താണ് പോലീസ് അകത്തുകയറിയതെന്നും ഭാര്യ ബുഷ്‌റ ബീഗം മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നതെന്നും പോലീസിന്റെ നടപടിയെ അപലപിച്ചുകൊണ്ട് ഇമ്രാൻ പറഞ്ഞു. രാജ്യത്തുനിന്ന് ഓടിപ്പോയ നവാസ് ഷരീഫിനെ തിരികെ അധികാരത്തിലെത്തിക്കാനുള്ള ലണ്ടൻപദ്ധതികളുടെ ഭാഗമാണിതെന്നും ഇമ്രാൻ ട്വീറ്റുചെയ്തു. തന്നെ ജയിലിലടയ്ക്കുകവഴി രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.

തോഷാഖാനക്കേസിൽ ഇമ്രാൻഖാന്റെ അറസ്റ്റ് റദ്ദാക്കി പാക് കോടതി

: തോഷാഖാനക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റ് ഇസ്‌ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. അഡീഷണൽ സെഷൻസ് ജഡ്ജി സഫർ ഇക്ബാലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കേസിലെ അറസ്റ്റുവാറന്റ് റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്. അതേസമയം. കോടതിയിൽ ഹാജരാകാൻ ഇമ്രാൻ പോയസമയത്ത് ലഹോറിലെ സമൻ പാർക്ക് വസതിയിൽ പഞ്ചാബ് പോലീസ് പരിശോധനനടത്തി.

Content Highlights: former Pakistan PM Imran Khan appears in court as police raid home

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..