വിമാനാപകടത്തെത്തുടർന്ന് ആമസോൺ വനത്തിലകപ്പെട്ട കുട്ടികൾക്കായി തിരച്ചിൽ നടത്തുന്ന ശ്വാനസേനാംഗം
ബൊഗോട്ട്: “മുഴുവൻ കൊളംബിയയുടെയും ആഹ്ളാദം...” -പുനർജനിയുടെ വാർത്തയറിഞ്ഞപ്പോൾ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രതികരണം. രണ്ടാഴ്ചമുമ്പ് തകർന്നുവീണ വിമാനത്തിലെ നാലുകുട്ടികളെ ആമസോണിലെ കൊടുംവനത്തിൽ ജീവനോടെ കണ്ടെത്തിയതാണ് അദ്ഭുതവും ആശ്വാസവും പടർത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ളവരെയാണ് സൈന്യം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന-206 വിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തർഭാഗത്ത് തകർന്നുവീണത്. കുട്ടികളുടെ അമ്മയും പൈലറ്റുമുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്.
ബുധനാഴ്ച സൈന്യം നടത്തിയ തിരച്ചിലിൽ കാട്ടിൽ ചില്ലകളും കമ്പുകളും കൊണ്ടുണ്ടാക്കിയ കളിവീടു കണ്ടെത്തിയിരുന്നു. പിന്നീട് കത്രിക, മുടികെട്ടുന്ന റിബൺ, വാട്ടർബോട്ടിൽ, പാതികഴിച്ച പഴങ്ങൾ എന്നിവയും കണ്ടെത്തി. ഇതോടെ അപകടത്തിൽപ്പെട്ടവർ കാടിനുള്ളിൽ ജീവനോടെയുണ്ടെന്ന സംശയം ജനിച്ചു. പിന്നാലെ തിരച്ചിൽ ഊർജിതമാക്കി. കനത്തമഴയും വടവൃക്ഷങ്ങളും വന്യമൃഗങ്ങളും തിരച്ചിലിന് തടസ്സംതീർത്തു.
തിരച്ചിൽ നടത്തുന്ന ഹെലികോപ്റ്ററുകളിൽനിന്ന് കുട്ടികളുടെ അമ്മൂമ്മയുടെ ശബ്ദസന്ദേശം പുറപ്പെടുവിച്ചു. കാട്ടിലൂടെ സഞ്ചരിക്കരുതെന്നായിരുന്നു നിർദേശം. കാടിനോടടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരാണ് ഹ്യൂട്ടോട്ടോവാസികൾ. കായ്‌കനികൾ ഭക്ഷിച്ച് ജീവിക്കാനും വേട്ടയാടാനും മീൻപിടിക്കാനും പ്രാവീണ്യമുള്ളവരാണിവർ. ഇതായിരിക്കാം കുട്ടികളെ അതിജീവനത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തൽ. വിമാനാപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ ശ്വാനസേനയുൾപ്പെടെ, നൂറോളം സൈനികരാണ് തിരച്ചിലിനിറങ്ങിയത്.
Content Highlights: missing children, Amazon Forest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..