ഉഷ്ണതരംഗം, കാട്ടുതീ: വെന്തുരുകി യൂറോപ്പ്


ചിലയിടങ്ങളിൽ പ്രളയം, ചിലയിടത്ത് വരൾച്ച, കൊടുങ്കാറ്റ്, കാട്ടുതീ ഇങ്ങനെ മനുഷ്യരാശിയുടെ പകുതിയും അപകടത്തിലാണെന്ന് യു.എൻ. മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Photo: AP

ലണ്ടൻ: കൊടുംചൂടിൽ വെന്തുരുകി യൂറോപ്യൻ രാജ്യങ്ങൾ. ചരിത്രത്തിലെ ഏറ്റവുംവലിയ ചൂടാണ് തിങ്കളാഴ്ച ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ലണ്ടനിൽ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇത് 40 ഡിഗ്രി വരെയെത്തി. ചൊവ്വാഴ്ച ചൂട് 40 ഡിഗ്രിക്കുമുകളിൽ എത്തിയേക്കാമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആദ്യമായാണ് ചൂട് ഇത്രയുംകൂടുമെന്ന മുന്നറിയിപ്പ് ഇവിടെ ലഭിക്കുന്നത്. 2019 ജൂലായ് 25-ന് കേംബ്രിജ് ബൊട്ടാനിക് ഗാർഡനിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവുംകൂടുതൽ ചൂട്. ലണ്ടൻ, ലീഡ്‌സ്, ബർമിങാം, കേംബ്രിജ്, മാഞ്ചെസ്റ്റർ, യോർക് എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. ചിലയിടങ്ങളിൽ സ്കൂളുകളും പ്രവർത്തിക്കുന്നില്ല.



ഒരാഴ്ചയായി യൂറോപ്പിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഒട്ടേറെയിടങ്ങളിൽ കാട്ടുതീക്ക്‌ കാരണമായി. ഫ്രാൻസിലെ ലാൻഡെസ് വനത്തിൽ 42 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജിറോൻഡ് മേഖലയിൽ 3.5 ലക്ഷം ഏക്കർ വനം കത്തിനശിച്ചു. ഗ്രീസിലും പോർച്ചുഗലിലും സ്പെയിനിലും കാട്ടുതീ വലിയ നാശമാണ് വരുത്തിയത്. ഫ്രാൻസിൽ കാട്ടുതീ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽനിന്ന് 16,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 47 ഡിഗ്രി സെൽഷ്യസ് ചൂടുരേഖപ്പെടുത്തിയ പോർച്ചുഗലിൽ കാട്ടുതീയിൽ രണ്ടുപേർ മരിച്ചു. 15,000 ഹെക്ടർ ഭൂമി കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. സ്പെയിനിൽ ഗലീഷിയയ്ക്കു വടക്കുപടിഞ്ഞാറ്‌ 20 കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മാച്ചുപിചു കാട്ടുതീ ഭീഷണിയിലാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.

മനുഷ്യരാശിയുടെ പാതിയും അപകടത്തിൽ -യു.എൻ. മേധാവി

: ചിലയിടങ്ങളിൽ പ്രളയം, ചിലയിടത്ത് വരൾച്ച, കൊടുങ്കാറ്റ്, കാട്ടുതീ ഇങ്ങനെ മനുഷ്യരാശിയുടെ പകുതിയും അപകടത്തിലാണെന്ന് യു.എൻ. മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാപ്രതിസന്ധി ചർച്ചചെയ്യാനായി 40 രാജ്യങ്ങളിലെ മന്ത്രിമാർ ജർമൻ തലസ്ഥാനമായ ബെർലിനിൽ ഒത്തുചേരുന്ന ‘പീറ്റേഴ്‌സ്‌ബെർഗ് ക്ലൈമറ്റ് ഡയലോഗി’ൽ തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുരാജ്യത്തിനും കാലാവസ്ഥാപ്രതിസന്ധിയിൽനിന്ന്‌ മോചനമില്ല. എന്നിട്ടും ഫോസിൽ ഇന്ധനങ്ങളുടെമേലുള്ള ആശ്രയത്വം കുറയ്ക്കാൻ നമ്മൾ തയ്യാറാവുന്നില്ല. ഒന്നിച്ചുനിന്ന് പ്രവർത്തിക്കുക അല്ലെങ്കിൽ ഒന്നിച്ചുമരിക്കുക. ഇതിൽ രണ്ടിലൊന്ന് മാർഗമേ നമുക്കുമുന്നിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാമാറ്റം, ഉയരുന്ന ഇന്ധനവില, ഭക്ഷ്യക്ഷാമം എന്നിവയാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്.

Content Highlights: Heatwave: Wildfires spread across Europe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..