16 വർഷം, മൂന്നു വിധി; ഖമർറൂഷ് കോടതി പൂട്ടി


1 min read
Read later
Print
Share

Photo: AFP

നോംപെൻ: കംബോഡിയയിൽ ഖമർറൂഷ് ഭരണകാലത്തെ മനുഷ്യാവകാശലംഘനങ്ങൾ വിചാരണചെയ്യാൻ നിയോഗിക്കപ്പെട്ട അന്തരാഷ്ട്രകോടതി വ്യാഴാഴ്ച പ്രവർത്തനം അവസാനിപ്പിച്ചു.

ഖമർറൂഷ് സർക്കാരിനായി പ്രവർത്തിച്ച ജീവിച്ചിരിക്കുന്ന അവസാനനേതാവ് ഖ്യൂ സംഫാന്റെ വിടുതൽഹർജി തള്ളിക്കൊണ്ടാണ് കോടതി പിരിഞ്ഞത്. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ ചുമത്തി 2018-ൽ ഖ്യൂ സംഫാനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. 16 വർഷത്തിനിടെ മൂന്നുപേരുടെ വിചാരണമാത്രമാണ് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുണ്ടായിരുന്ന കോടതി പൂർത്തിയാക്കിയത്. ഇക്കാലയളവിൽ പ്രവർത്തനങ്ങൾക്കായി 33.7 കോടി ഡോളർ (ഏകദേശം 2700 കോടി രൂപ) ചെലവായി.

ഖമർറൂഷിന്റെ രണ്ടാമത്തെ ഉന്നതനേതാവായിരുന്ന നുവോൻ ചിയ, ടുവോൾ സ്ലെങ് ജയിലിന്റെ മേധാവിയായിരുന്ന കയിങ് ഗുവേക് ഈവ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുരണ്ടുപേർ. ഇരുവരും തടവിൽക്കഴിയവേ മരിച്ചു. കയിങ് ഗുവേക് ഈവിന്റെ കാലത്ത് ടുവോൾ സ്ലെങ് ജയിലിൽ 16,000 പേർ പീഡനത്തിനിരയായെന്നാണ് കണ്ടെത്തൽ.

മുൻ വിദേശകാര്യമന്ത്രി ഇയെങ് സാറിയുടെയും ഭാര്യയും മുൻ സാമൂഹികക്ഷേമമന്ത്രിയുമായ ഇയെങ് തിരിത്തിന്റെയും പേരിൽ വിചാരണയാരംഭിച്ചെങ്കിലും പൂർത്തിയാകുംമുമ്പ് രണ്ടുപേരും മരിച്ചു.

ഖമർറൂഷിന്റെ മധ്യതല ഉദ്യോഗസ്ഥരായ നാലുപേർ ന്യായാധിപർക്കിടയിലെ ഭിന്നതമൂലം വിചാരണയിൽനിന്ന് രക്ഷപ്പെട്ടു. കംബോഡിയയിൽനിന്നും അന്താരാഷ്ട്രതലത്തിൽനിന്നും പ്രതിനിധികളുള്ള ന്യായാധിപസമിതി ഭൂരിപക്ഷമനുസരിച്ചാണ് തീരുമാനങ്ങളെടുത്തിരുന്നത്. നാലുപേരെ വിചാരണ ചെയ്യുന്നതിനെ കംബോഡിയൻ ന്യായാധിപർ എതിർത്തു.

കംപൂചിയ കമ്യൂണിസ്റ്റ് പാർട്ടിയാണ് ഖമർറൂഷ് എന്നറിയപ്പെടുന്നത്. ആഭ്യന്തരകലാപത്തെത്തുടർന്ന് 1975-ൽ ഭരണം കൈയടക്കിയ ഖമർറൂഷ് 1979-ൽ വിയറ്റ്‌നാം അധിനിവേശത്തിലൂടെയാണ് പുറത്തായത്. ഇക്കാലയളവിൽ 17 ലക്ഷം ആളുകൾ ഭരണകൂടഭീകരതയ്ക്കിരയായി കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഖമർറൂഷിന്റെ പ്രധാനനേതാവായിരുന്ന പോൾപോട്ട് 1998-ൽ 72-ാമത്തെ വയസ്സിൽ ഒളിവിൽക്കഴിയവേ മരിച്ചു.

Content Highlights: In Cambodia, the Khmer Rouge Trials Come to an End

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..