ഷിൻസൊ ആബെയ്ക്ക് അന്തിമവിടചൊല്ലി ജപ്പാൻ, ചടങ്ങിനെത്തിയത് മോദിയടക്കമുള്ള ലോകനേതാക്കൾ


Photo: ANI

ടോക്യോ: കൊല്ലപ്പെട്ട മുൻപ്രധാനമന്ത്രി ഷിൻസൊ ആബെയ്ക്ക് ജപ്പാൻ ജനത അന്തിമമായി വിടനൽകി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 20 രാഷ്ട്രത്തലവന്മാരുടെയും നാറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ചൊവ്വാഴ്ച ചടങ്ങുകൾ നടന്നത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ചടങ്ങുകൾ നടന്ന ബുഡോക്കൻ ഹാളിന് സമീപം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. നികുതിപ്പണം ചെലവഴിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനെതിരേയായിരുന്നു ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചത്.

ബുഡോക്കൻ ഹാളിന് സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ എന്നിവയെല്ലാം സുരക്ഷയുടെ ഭാഗമായി പോലീസ് അടച്ചു. പ്രതിഷേധങ്ങൾക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട മുൻപ്രധാനമന്ത്രിക്ക് അന്ത്യോപചാരം അർപ്പിക്കാനായി ആയിരങ്ങൾ കൈനിറയെ പൂക്കളുമായെത്തി.ചിതാഭസ്മവുമായി ഭാര്യ അകിയ ആബെ എത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് കമലാഹാരിസ്, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹെസയ്ൻ ലൂങ്, വിയറ്റ്നാം പ്രസിഡന്റ് എൻഗുൻ ഷുവാൻ ഫുക്, ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്സോ, ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യോട്ടെർട്ട കാർപ്പിയോ, ഇൻഡൊനീഷ്യൻ വൈസ് പ്രസിഡന്റ് മറൂഫ് അമീൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവർ ടോക്യോവിലെത്തിയവരിൽ പെടുന്നു. ആബെ പ്രധാനമന്ത്രിയായിരിക്കെ നടന്ന പ്രധാന സംഭവങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. ആയിരത്തോളം സൈനികർ ആബെയ്ക്ക് അവസാന സൈനികഗാർഡ് നൽകി.

പ്രതിഷേധം

ആബെയുടെ സാമ്പത്തിക നയംമൂലം രാജ്യത്തുണ്ടായ അസമത്വം പരിഹരിക്കാനും വികസനപ്രവർത്തനങ്ങൾക്കും നികുതിപ്പണം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ടോക്യോവിലടക്കം പ്രതിഷേധം അരങ്ങേറി. ഔദ്യോഗിക വിടനൽകൽ ചടങ്ങിന് നികുതിപണം ഉപയോഗിച്ചതിന് പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരേയും വിമർശനമുയർന്നു. എന്നാൽ, രാജ്യത്തെ ഏറെക്കാലം സേവിച്ച ആബെ ഇത്തരമൊരു അന്ത്യോപചാരത്തിന് അർഹനാണെന്ന് കിഷിദ പറഞ്ഞു. ജൂലായിലാണ് പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെ ആബെ വെടിയേറ്റ് മരിച്ചത്.

പ്രധാന പ്രതിപക്ഷമായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാനും ജപ്പാനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ചടങ്ങ് ബഹിഷ്കരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..