രാജീവ് ഗാന്ധിയെ ശ്രീലങ്കൻ നാവികൻ ആക്രമിക്കുന്ന ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ അന്തരിച്ചു


Sena Vidanagama

കൊളംബോ: ലോകപ്രശസ്ത ശ്രീലങ്കൻ ഫോട്ടോ ജേണലിസ്റ്റായ സേന വിധനഗാമ (76) അന്തരിച്ചു. മുപ്പത്തിയഞ്ച്‌ വർഷംമുമ്പ്, അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കൊളംബോയിൽവെച്ച് ശ്രീലങ്കൻ നാവികൻ തോക്കുപയോഗിച്ച് ആഞ്ഞടിക്കുന്ന ദൃശ്യം പകർത്തിയ ഏക ഫോട്ടോഗ്രാഫറെന്നനിലയിലാണ് സേന വിധനഗാമ പ്രശസ്തനായത്. ലങ്കയിലെ ലേക്ക് ഹൗസ് പത്രത്തിലും എ.എഫ്.പി. വാർത്താ ഏജൻസിയിലും വർഷങ്ങളോളം സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു.

1987 ജൂലായ് 30-ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടെയാണ് യൂണിഫോമിൽ മുൻനിരയിലുണ്ടായിരുന്ന നാവികൻ തോക്ക് രാജീവ് ഗാന്ധിയുടെ തലയ്ക്കുനേരെ വീശിയത്. എന്നാൽ, രാജീവ് തലകുനിക്കുകയും പിറകിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ഈ അടി തടയുകയും ചെയ്തത് രക്ഷയാവുകയായിരുന്നു.

എൽ.ടി.ടി. ഇ. ബന്ധമുള്ള റോഹന ഡി സെൽവയെന്ന സിംഹള നാവികനാണ് തോക്കിന്റെ പിൻഭാഗംകൊണ്ട് ആക്രമിച്ചത്. ഇയാളെ ആറുവർഷത്തേക്ക് കോടതി ശിക്ഷിച്ച കേസിലും സേന വിധനഗാമ പ്രധാനസാക്ഷിയായിരുന്നു. 1945 ഓഗസ്റ്റ് 19-ന് ശ്രീലങ്കയിലെ മതാര ജില്ലയിലായിരുന്നു സേന വിധനഗാമയുടെ ജനനം. 1995-ൽ ശ്രീലങ്കൻ ഫോട്ടോ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. മൃതദേഹം രഗാമ എൽപിറ്റിയയിലെ വസതിയിൽ പൊതുദർശനത്തിനുവെച്ചശേഷം വ്യാഴാഴ്ച വൈകീട്ട് ആറിന് വെലിസാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Content Highlights: Lankan photojournalist who captured assault on Rajiv Gandhi by sailor passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..