യുക്രൈന് ആയുധങ്ങൾ നൽകാൻ കൂടുതൽ രാജ്യങ്ങൾ


റോക്കറ്റ് ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രെെനിയൻ സെെനികർ | ചിത്രം: AFP

കീവ്: അത്യാധുനിക ആയുധങ്ങൾ നൽകി യുക്രൈനെ ശാക്തീകരിക്കുമെന്ന് യു.എസ്., ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചു. യുദ്ധവിമാനങ്ങൾ തകർക്കാൻകഴിയുന്ന ആയുധങ്ങളും റഡാർ സംവിധാനങ്ങളുമാണ് ജർമനി നൽകുക. നാല് മധ്യദൂരറോക്കറ്റ് സംവിധാനങ്ങളും വെടിക്കോപ്പുകളുമായിരിക്കും യു.എസിന്റെ സംഭാവന. മധ്യദൂര റോക്കറ്റുകൾ നൽകുമെന്ന് ബ്രിട്ടനും വ്യക്തമാക്കി.

പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽനിന്നുള്ള ആയുധങ്ങൾ യുക്രൈന് കൂടുതൽ നഷ്ടംമാത്രമേ വരുത്തൂവെന്ന് റഷ്യ പ്രതികരിച്ചു. യുക്രൈൻ ആയുധവിതരണക്കാരുടെ കളിപ്പാവയായിമാറിയെന്നും വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

കിഴക്കൻമേഖലയായ ഡോൺബാസിലെ ലുഹാൻസ്‌ക് പ്രവിശ്യയിൽ സിവിയറോഡോനെറ്റ്‌സ്‌ക് നഗരം ഏതാണ്ട് പൂർണമായി റഷ്യയുടെ നിയന്ത്രണത്തിലായെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒറ്റദിവസം 15 ക്രൂസ് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രൈൻ പ്രസിഡന്റ്‌ വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു. പാശ്ചാത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകാൻ തീരുമാനിച്ചതിന്റെ തിരിച്ചടിയാണ് റഷ്യയുടെ റോക്കറ്റ് ആക്രമണമെന്ന് വിലയിരുത്തലുണ്ട്. ലിവീവിൽ പ്രധാന ചരക്കുഗതാഗത റെയിൽപ്പാതയിൽ മിസൈൽ പതിച്ചു. ആയുധങ്ങൾ കൊണ്ടുവരുന്നതിനും ഈ പാത പ്രധാനമാണ്. സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കുപറ്റിയതായി മേഖലാ ഗവർണർ പറഞ്ഞു.

രണ്ടുലക്ഷം കുട്ടികളെ തട്ടിക്കൊണ്ടുപോയി

: യുക്രൈനിൽനിന്ന് റഷ്യ ബലാത്കാരമായി പിടിച്ചുകൊണ്ടുപോയവരിൽ രണ്ടുലക്ഷം കുട്ടികളും ഉണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി. അക്കൂട്ടത്തിൽ അനാഥാലയങ്ങളിൽനിന്നുള്ളവരും കുടുംബം നഷ്ടപ്പെട്ടവരും രക്ഷിതാക്കളോടൊപ്പമുള്ളവരുമുണ്ട്. ബുധനാഴ്ച അന്താരാഷ്ട്ര ശിശുദിനത്തിൽ രാജ്യത്തെ അഭിസംബോധനചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് സെലെൻസ്‌കി കുട്ടികളുടെ കാര്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചത്. യുദ്ധത്തിൽ 243 കുട്ടികൾ കൊല്ലപ്പെടുകയും 446 പേർക്ക്‌ പരിക്കേൽക്കുകയും 139 പേരെ കാണാതാവുകയും ചെയ്തെന്ന് സെലെൻസ്‌കി പറഞ്ഞു.

Content Highlights: More countries to supply arms to Ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..