കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പൊക്കിള്‍ക്കൊടി മുറിയാത്ത ചോരക്കുഞ്ഞ്; അമ്മയടക്കം മറ്റാരും ബാക്കിയില്ല


1 min read
Read later
Print
Share

കണ്ടെടുക്കുമ്പോൾ പൊക്കിൾക്കൊടി അറ്റിരുന്നില്ല

ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞ് ആശുപത്രിയിൽ | എ.എഫ്.പി

ജിൻഡേരിസ് (സിറിയ): തിങ്കളാഴ്ചത്തെ ഭൂകമ്പത്തിൽ ജിൻഡേരിസിൽ തകർന്നുവീണ നാലുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ ഉറ്റവരിൽ ആരെങ്കിലും ബാക്കിയുണ്ടോയെന്നറിയാൻ പരതുകയായിരുന്നു ഖലീൽ അൽ-സുവൻഡി. ഒരു ഞരക്കം. പൊടിക്കൂമ്പാരം വകഞ്ഞുനീക്കിയപ്പോൾ ഖലീൽ അവളെക്കണ്ടു. ഒരു പൊടിക്കുഞ്ഞ്. അവളുടെ പൊക്കിൾക്കൊടി അറ്റിരുന്നില്ല. അമ്മയുടെ ജീവൻ ഈ ലോകം വിട്ടുപോയത് ആ ചോരക്കുഞ്ഞ് അറിഞ്ഞതുമില്ല.

ഖലീൽ ആദ്യം പൊക്കിൾക്കൊടി മുറിച്ചു. മറ്റൊരു ബന്ധു ആ കുഞ്ഞുശരീരം വാരിയെടുത്തു. എല്ലുകിടുക്കുന്ന മഞ്ഞിൽ ആ കുരുന്നിനു ചൂടേകാൻ മറ്റൊരാൾ കമ്പിളിയുമായോടിയെത്തി. വേറൊരാൾ അവളെ ആശുപത്രിയിലെത്തിക്കാൻ കാറിനായി പാഞ്ഞു.

ഇപ്പോൾ അഫ്രിൻ പട്ടണത്തിലെ ക്ലിനിക്കിലാണ് ആ കുഞ്ഞ്. അവൾക്ക് അമ്മിഞ്ഞപ്പാൽ കൊടുക്കാൻ അമ്മയോ താരാട്ടുപാടാൻ അച്ഛനോ കൂടെക്കളിക്കാൻ സഹോദരങ്ങളോ ഇല്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ അവളുടെ അച്ഛൻ അബ്ദുള്ളയുടെയും അമ്മ അഫ്രയുടെയും നാലു സഹോദരങ്ങളുടെയും അമ്മായിയുടെയും മൃതദേഹങ്ങൾ കോൺക്രീറ്റ് കൂമ്പാരത്തിൽനിന്നു കിട്ടി. അവരെല്ലാം ഒരു ഖബറിൽ ഒന്നിച്ചുണ്ടാകും. ഭൂകമ്പത്തിന്റെ അതിജീവിതയായി അവൾ മാത്രം ഈ ഭൂമിയിലും.

Content Highlights: newborn was found alive in the rubble after the earthquake in Syria

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..