ഒടുവിൽ മാർപാപ്പയെത്തി, പാപികൾക്കുവേണ്ടി മാപ്പുചോദിക്കാൻ


1 min read
Read later
Print
Share

കാനഡയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വീകരിക്കുന്നു

വത്തിക്കാൻ സിറ്റി: തദ്ദേശീയ തലമുറകളോട് മിഷനറിമാർ ചെയ്ത അതിക്രമങ്ങൾക്ക് മാപ്പുചോദിക്കാൻ ഫ്രാൻസിസ് മാർപാപ്പ കാനഡയിൽ. റസിഡൻഷ്യൽ സ്കൂളുകളുടെ മറവിൽ നടന്ന അന്യായങ്ങളുടെ ഓർമകൾ ഉമിത്തീപോലെ നീറുന്ന ജനങ്ങൾ വർഷങ്ങളായി ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അവർക്കുവേണ്ടത് കേവലം വാക്കുകൊണ്ടുള്ള കുറ്റസമ്മതല്ല; സ്കൂളിൽപോയി തിരിച്ചുവരാതായ ഒട്ടേറെ കുഞ്ഞുങ്ങളുടെ വിവരങ്ങൾ അടക്കംചെയ്തിട്ടുള്ള സഭാരേഖകൾ കൂടിയാണ്. ഇരയാക്കപ്പെട്ടവർക്ക് നീതിയും സാമ്പത്തികസഹായവും വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ഒപ്പം നാട്ടിൽനിന്നുകൊണ്ടുപോയി വത്തിക്കാനിലെ കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിച്ചിട്ടുള്ള കരകൗശലവസ്തുക്കളും.

പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1970-കൾവരെ സർക്കാർ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ റസിഡൻഷ്യൻ സ്കൂളുകളിൽ കുട്ടികൾക്കുനേരെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നടന്നിരുന്നെന്ന് കനേഡിയൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. തദ്ദേശീയരായ ഒന്നരലക്ഷത്തോളം കുട്ടികളെ ബലംപ്രയോഗിച്ച് കുടുംബങ്ങളിൽനിന്ന് അകറ്റിയെന്നാണ് കണ്ടെത്തൽ. കാനഡയുടെ ട്രൂത്ത് ആൻഡ് റികൺസിലേഷൻ കമ്മിഷൻ മാർപാപ്പ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടത് 2015-ലാണ്. പക്ഷേ, ഈയാവശ്യം വത്തിക്കാൻ പരിഗണനയ്ക്ക് എടുത്തത്, 2021-ൽ ബ്രിട്ടീഷ് കൊളംബിയയിലെ പഴയ കാംലൂപ്‌സ് റസിഡൻഷ്യൽ സ്കൂൾ പരിസരത്തുനിന്ന് 200 കുട്ടികളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയശേഷം മാത്രമാണ്.

ലോകമെമ്പാടും തദ്ദേശീയ ജനവിഭാഗങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള കത്തോലിക്കാ സഭയുടെ തീരുമാനംകൂടിയുണ്ട് മാർപാപ്പയുടെ കാനഡ യാത്രയ്ക്കുപിന്നിൽ. ആൽബെർട്ടയിലെ എഡ്‌മോണ്ടോനിൽ വിമാനമിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തദ്ദേശീയയായ ആദ്യ ഗവർണർ ജനറൽ മേരി മേയ് സിമോണും ചേർന്ന് സ്വീകരിച്ചു. തിങ്കളാഴ്ച മാസ്‌ക്വാസിസിൽ അതിജീവിതരെ കാണും.

Content Highlights: Pope Francis

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..