പുതിൻ യുക്രൈനിൽ; അധിനിവേശമാരംഭിച്ചതിനുശേഷമുള്ള ആദ്യസന്ദർശനം മരിയൊപോളിൽ


1 min read
Read later
Print
Share

ക്രൈമിയക്കുപിന്നാലെ മരിെയാപോളിലെത്തി

മരിയൊപോളിൽ തദ്ദേശവാസികളുമായി സംസാരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. ഉപപ്രധാനമന്ത്രി മരറ്റ് ഹുസ്നുലിൻ സമീപം

കീവ്: അന്താരാഷ്ട്ര നീതിന്യായകോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ യുക്രൈൻ യുദ്ധഭൂമി സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ശനിയാഴ്ച വൈകീട്ട് യുക്രൈന്റെ തുറമുഖ നഗരമായ മരിയൊപോൾ പുതിൻ സന്ദർശിച്ചുവെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

2014-ൽ യുദ്ധംചെയ്ത് പിടിച്ചെടുത്ത ക്രൈമിയ സന്ദർശിച്ച ശേഷമാണ് പുതിൻ അപ്രതീക്ഷിതമായി മരിയുപോളിലെത്തിയത്. ഒമ്പതാം ക്രൈമിയൻ യുദ്ധവാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. ഹെലികോപ്റ്ററിലാണ് പുതിൻ എത്തിയത്. പിന്നീട് സുരക്ഷാസന്നാഹങ്ങളോടെ മരിയൊപോളിലെ സ്മാരകങ്ങൾ സന്ദർശിച്ചു. തദ്ദേശീയരുമായി സംസാരിക്കുന്ന പുതിൻറെ വീഡിയോ റോസ്സിയ-24 ചാനൽ പുറത്തുവിട്ടു.

മരിയുപോൾ സന്ദർശിച്ചശേഷം റോസ്റ്റോവ് ഓൺ ഡോണിലെ സൈനിക കമാൻഡിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ സൈനിക ചുമതലയുള്ള റഷ്യൻ കമാൻഡർ ജനറൽ വലേറി ഗെരാസിമോവുമായും പുതിൻ തിരക്കിട്ട ചർച്ച നടത്തി. കഴിഞ്ഞ മേയിലാണ് മരിയൊപോൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നത്.

ചൈന പ്രസിഡന്റ് ഷി ജിൻപിങ് ഈയാഴ്ച റഷ്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് പുതിന്റെ അസാധാരണനീക്കം. കൂടിക്കാഴ്ചയ്ക്കിടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഷി മധ്യസ്ഥശ്രമം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിനെതിരേയുള്ള അറസ്റ്റ് വാറന്റിനെ ടോയ്‍ലെറ്റ് പേപ്പറെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.

മരിയൊപോൾ

യുദ്ധം ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്നാണ് മരിയൊപോൾ. കഴിഞ്ഞ സെപ്റ്റംബറിൽ യുക്രൈനിൽനിന്ന് റഷ്യ കൂട്ടിച്ചേർത്ത നാല് പ്രവിശ്യകളിലൊന്നാണ് മരിയൊപോൾ ഉൾപ്പെടുന്ന ഡൊണെറ്റ്‌സ്ക് പ്രവിശ്യ. കഴിഞ്ഞ മേയിൽ മരിയൊപോളിലെ അസോവ്‌സ്റ്റാവ് സ്റ്റീൽ മില്ല്‌ പിടിച്ചെടുക്കാൻ റഷ്യ നടത്തിയ ആക്രമണത്തെ അന്താരാഷ്ട്രസമൂഹം വലിയതോതിൽ അപലപിച്ചിരുന്നു. നൂറിലധികം ആളുകളുടെ ജീവനെടുത്തുകൊണ്ട് മരിയൊപോളിലെ തിയേറ്ററിനുനേരെ റഷ്യ നടത്തിയ ആക്രമണം അധിനിവേശമാരംഭിച്ചതിനുശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായാണ് കരുതുന്നത്. മരിയൊപോളിലെ 4.5 ലക്ഷം ജനങ്ങളിൽ ഒരു ലക്ഷം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. വ്യോമാക്രമണങ്ങളും ഏറ്റുമുട്ടലും തരിപ്പണമാക്കിയ നഗരത്തിൽ ഭക്ഷണവും വെള്ളവും താപക്രമീകരണസംവിധാനവുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

Content Highlights: Putin in Ukraine

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..