എലിസബത്ത് രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന്


സംസ്കാരം തിങ്കളാഴ്ച ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ

എലിസബത്ത് രാജ്ഞി | Photo: AP

ലണ്ടൻ: ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയ ലണ്ടനിലെ ബക്കിങാം കൊട്ടാരത്തോട് എലിസബത്ത് രാജ്ഞി ബുധനാഴ്ച അന്തിമമായി വിടപറഞ്ഞു. സ്കോട്‌ലൻഡിൽനിന്ന് ചൊവ്വാഴ്ച ബക്കിങാം കൊട്ടാരത്തിലെത്തിച്ച മൃതദേഹം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.22-ന് (ഇന്ത്യൻ സമയം വൈകീട്ട് 6.52) വിലാപയാത്രയായി വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്കു കൊണ്ടുപോയി.

രാജപതാക പുതപ്പിച്ച്, രാജത്വത്തിന്റെ പ്രതീകമായ കിരീടംവെച്ച പെട്ടിയിൽ കുതിരവണ്ടിയിൽ രാജ്ഞിയുടെ മൃതദേഹം ബക്കിങാം കൊട്ടാരത്തിന്റെ കവാടം കടന്നപ്പോൾ ബിഗ് ബെൻ മുഴങ്ങി. ഹൈഡ് പാർക്കിൽനിന്ന് ഓരോ മിനിറ്റിടവിട്ട് ആചാരവെടിയും. സേനാ വാദ്യസംഘം ബീഥോവന്റെയും മെൻഡൽസോണിന്റെയും ചോപ്പിനിന്റെയും സിംഫണികൾ വായിച്ച് വിലാപയാത്രയെ അനുഗമിച്ചു. രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ വഴിക്കിരുവശവും കൂടി.രാജ്ഞിയുടെ മൂത്തമകൻ ചാൾസ് മൂന്നാമൻ രാജാവും മക്കളായ വില്യമും ഹാരിയും രാജ്ഞിയുടെ മകൾ ആനും വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്കുള്ള 1.6 കിലോമീറ്റർദൂരം കാൽനടയായി മൃതദേഹത്തെ അനുഗമിച്ചു.

വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിച്ച മൃതദേഹം സംസ്കാരദിനമായ തിങ്കളാഴ്ചവരെ അവിടെ പൊതുദർശനത്തിനുവെക്കും. ഈസമയം, പൊതുജനത്തിന് ആദരാഞ്ജലികളർപ്പിക്കാം.

തിങ്കളാഴ്ച പ്രാദേശികസമയം പകൽ പതിനൊന്നിനാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നര) സംസ്കാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന സംസ്കാരപ്രാർഥനകളിൽ വിവിധ രാജ്യത്തലവന്മാരുൾപ്പെടെ 2,200 പേർ പങ്കെടുക്കും. വിൻസർ കൊട്ടാരത്തിലെ ജോർജ് ആറാമൻ സ്മാരകചാപ്പലിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനും മാതാപിതാക്കൾക്കും സഹോദരി മാർഗരറ്റ് റോസിനുമടുത്താകും രാജ്ഞിയുടെ അന്ത്യവിശ്രമം. രാജ്ഞി മരിച്ചശേഷം സമീപത്തു സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരം ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം ഇവിടെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഏപ്രിലിലാണ് ഫിലിപ്പ് അന്തരിച്ചത്.

ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും

തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിട്ടുണ്ടെന്നും മൂന്നുദിവസത്തേക്ക് അവർ ലണ്ടനിലേക്കു പോകുമെന്നും വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മുർമുവുൾപ്പെടെ 500 ലോകനേതാക്കൾക്കാണ് സംസ്കാരച്ചടങ്ങിലേക്ക് ക്ഷണം.

ഞായറാഴ്ച രാവിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തി മുർമു മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കും. ഇന്ത്യാ സർക്കാരിനുവേണ്ടിയുള്ള അനുശോചനസന്ദേശവുമറിയിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..