ചരിത്രം സാക്ഷി, എലിസബത്ത് രാജ്ഞി വിടചൊല്ലി


എലിസബത്ത് രാജ്ഞി | Photo: AP

ലണ്ടൻ: 1953 ജൂൺ രണ്ടിന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമായിരുന്നു ടെലിവിഷൻ സംപ്രേഷണം ചെയ്ത ആദ്യത്തെ കിരീടധാരണ ചടങ്ങുകൾ. യു.കെ.യിലും ലോകമെമ്പാടും ഉള്ള ദശലക്ഷക്കണക്കിന് ആളുകൾ അത് കണ്ടു. പിന്നീടിങ്ങോട്ട് സാമൂഹികമാധ്യമങ്ങളുടെ കാലഘട്ടംവരെ എന്നും എലിസബത്ത് രാജ്ഞി കാഴ്ചകളിൽ നിറഞ്ഞു. രാജഭരണം മാറി ജനാധിപത്യ കാലത്തും ബ്രിട്ടീഷുകാർ എലിസബത്ത് രാജ്ഞിയെ നെഞ്ചേിലേറ്റി. വ്യാഴാഴ്ച 96-ാം വയസ്സിൽ അന്ത്യശ്വാസം വലിക്കുമ്പോൾ അധികാരത്തിൽ എലിസബത്ത് രാജ്ഞി പൂർത്തിയാക്കിയത് 70 വർഷവും ഏഴു മാസവും രണ്ട് ദിവസവും.

സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തുനിന്ന് എലിസബത്തിന്റെ കാലഘട്ടമെത്തുമ്പോഴേക്കും മിക്ക രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയിരുന്നു. പദവിയിലും ഇടപെടലിലും മാന്യതയും പക്വതയും പുലർത്തിയെങ്കിലും മുൻഗാമികളുടെ കൊളോണിയൽ കാലഘട്ടത്തിലെ ചെയ്തികളെ എലിസബത്ത് രാജ്ഞി തള്ളിപ്പറയുകയോ അതിൽ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല.1979-ൽ മാർഗരറ്റ് താച്ചർ യു.കെ.യുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നതിന് സാക്ഷിയായ എലിസബത്ത് രാജ്ഞി വ്യാഴാഴ്ച ലോകത്തോട് വിടചൊല്ലുമ്പോൾ യു.കെ.യിലുള്ളത് അധികാരമേറ്റ് മൂന്നുനാൾ മാത്രമായ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ് ആണ് എന്നതും ഒരു ചരിത്രമായി. രാജ്ഞിപദത്തിലിരിക്കേ, എലിസബത്ത് കണ്ടത് 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ.

സ്കോട്ട്‌ലൻഡിൽ രാജ്ഞിയുടെ വേനൽക്കാല വസതിയായ ബാൽമൊറൽ കൊട്ടാരത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്നറിഞ്ഞതോടെ ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ പ്രാർഥനയുമായി ആയിരങ്ങൾ ഒത്തുകൂടി. ഔദ്യോഗിക വസതിയായ ബക്കിങാം കൊട്ടാരം മരണവിവരം സ്ഥിരീകരിച്ചതോടെ അനുശോചന പ്രവാഹമായി.

ബ്രിട്ടീഷ് രാജഭരണത്തിലെ ഏറ്റവും നീണ്ട കാലയളവെന്ന റെക്കോഡിട്ടാണ് ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെ രാജ്ഞിയായ എലിസബത്തിന്റെ അന്ത്യം. പകരം, മൂത്തമകൻ ചാൾസ് പുതിയ രാജാവായി. ‘ചാൾസ് മൂന്നാമൻ’ എന്ന് അദ്ദേഹം അറിയപ്പെടും. മരണസമയം ചാൾസും മറ്റു മക്കളായ ആൻഡ്രു, ആൻ, എഡ്വേർഡ് എന്നിവരും കുടുംബാംഗങ്ങളും ബാൽമൊറൽ കൊട്ടാരത്തിലെത്തിയിരുന്നു. വെസ്റ്റ് മിൻസ്റ്റർ ആബിയിൽ 10 ദിവസത്തിനു ശേഷമായിരിക്കും ശവസംസ്കാരം.

1926 ഏപ്രിൽ 21-ന് ജോർജ് ആറാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാൻഡ്ര മേരി എന്നാണ് യഥാർഥപേര്. ജോർജ് ആറാമൻ രാജാവിന്റെ മരണശേഷം 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞിയായത്. 1953 ജൂണിലായിരുന്നു ഔദ്യോഗിക സ്ഥാനാരോഹണം. 1947 നവംബറിൽ ഫിലിപ് രാജകുമാരനെ വിവാഹം ചെയ്തു. 2021 ഏപ്രിലിൽ ഫിലിപ് രാജകുമാരന്റെ മരണശേഷം പൊതുവേദികളിൽനിന്ന് അകന്നായിരുന്നു രാജ്ഞിയുടെ ജീവിതം.

വീട്ടിൽത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജ്ഞിക്ക് ഫ്രഞ്ചു ഭാഷ, ഗണിതം, ചരിത്രം, നൃത്തം, പാട്ട് എന്നിവയിലെല്ലാം പ്രാവീണ്യമുണ്ട്. 18-ാം വയസ്സിൽ വനിതാ ഓക്സിലറി ടെറിറ്റോറിയൽ സർവീസിൽ ചേർന്നു. മിലിട്ടറി ട്രക്കും ആംബുലൻസും മറ്റ് വാഹനങ്ങളും ഓടിക്കുന്നത് പഠിച്ചിട്ടുണ്ട്. 63 വർഷം സിംഹാസനത്തിലിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോഡാണ് മറികടന്നത്. 33 രാജ്യങ്ങളുടെ കറൻസികളിൽ ഫോട്ടോയുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ 110 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1997 ഒക്ടോബറിൽ കേരളത്തിലുമെത്തിയിരുന്നു.

ബ്രിട്ടനിൽ 10 ദിവസത്തെ ദുഃഖാചരണം തുടങ്ങി. നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ അനുശോചിച്ചു.

Content Highlights: queen elizabeth passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..