ഋഷി സുനാക് | AFP
ലണ്ടന്‍: ചരിത്രം സാക്ഷി, ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചൊവ്വാഴ്ച അധികാരമേറ്റു. ഈ പദവിയിലെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യവ്യക്തി, ആദ്യ ഏഷ്യന്‍ വംശജന്‍, ആദ്യ ഹിന്ദുമതവിശ്വാസി, ആധുനിക ബ്രിട്ടന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി തുടങ്ങിയ വിശേഷണങ്ങളോടെയാണ് 42-കാരനായ ഋഷി സുനകിന്റെ സ്ഥാനാരോഹണം.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ കുടുംബവേരുകളുള്ള ഋഷി സുനകിന്റെ ഭാര്യ സംരംഭകയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി-എഴുത്തുകാരി സുധാ മൂര്‍ത്തി എന്നിവരുടെ മകളുമായ അക്ഷത മൂര്‍ത്തിയാണ്. പ്രധാനമന്ത്രിപദത്തിലേക്കുള്ള ഋഷിയുടെ ഉയര്‍ച്ച ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനും ആവേശമായി.
വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ രാജ്യത്തെ ഒരുമിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ മുഴുവന്‍സമയവും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രിയായശേഷം ഋഷി ബ്രിട്ടനു വാക്കുനല്‍കി. ബക്കിങ്ങാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവില്‍നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷണം സ്വീകരിച്ചശേഷം ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10-നുമുന്നിൽ അദ്ദേഹം രാജ്യത്തെ അഭിസംബോധനചെയ്തു.
കോവിഡ് പ്രതിസന്ധിയും യുക്രൈനിലെ റഷ്യന്‍ അധിനിവേശവും ബ്രിട്ടനുവരുത്തിയ അനിശ്ചിതത്വങ്ങളെക്കുറിച്ച് പറഞ്ഞാണ് അഞ്ചുമിനിറ്റും 56 സെക്കന്‍ഡും നീണ്ട പ്രസംഗം ഋഷി ആരംഭിച്ചത്. മുന്‍ഗാമിയായ ലിസ് ട്രസ് രാജ്യത്തിന്റെ വളര്‍ച്ചയാണ് ആഗ്രഹിച്ചതെങ്കിലും ചില തെറ്റുകള്‍പറ്റി. അത് പരിഹരിക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെ നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ലിസ് രാജിവെച്ച ഒഴിവിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും അതുവഴി പ്രധാനമന്ത്രിപദത്തിലേക്കും ഋഷിക്ക് വാതില്‍തുറന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മത്സരിക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ചട്ടപ്രകാരം 100 എം.പി.മാരുടെ പിന്തുണ ലഭിക്കാതെവന്നതോടെ ഇരുവരും പിന്മാറി. ഇതോടെ 140-ലേറെപ്പേരുടെ പരസ്യപിന്തുണ ലഭിച്ച ഋഷി സുനക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍സണെ 57 പേരും മോര്‍ഡെന്റിനെ 23 പേരും മാത്രമാണ് പരസ്യമായി പിന്താങ്ങിയത്.
ബോറിസ് ജോണ്‍സണ്‍ രാജിവെച്ചശേഷംനടന്ന തിരഞ്ഞെടുപ്പില്‍ ഋഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാല്‍, 44 ദിവസത്തിനുശേഷം രാജിവെക്കേണ്ടിവന്നു. പാര്‍ട്ടി രാഷ്ട്രീയമായും രാജ്യം സാമ്പത്തികമായും സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഋഷി സുനക് നേതൃത്വം ഏറ്റെടുക്കുന്നത്. ജോണ്‍സണ്‍ സര്‍ക്കാരില്‍ ഋഷി ധനമന്ത്രിയായിരുന്നപ്പോള്‍ നികുതിനിരക്കുകള്‍ വളരെയധികം ഉയര്‍ത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥ സ്ഥിരതനേടുംവരെ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നാണ് സൂചന.
‘‘ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിന് ഊഷ്മളമായ അഭിവാദ്യങ്ങള്‍. ആഗോളവിഷയങ്ങളിലും റോഡ്മാപ്പ് 2030 (ഇന്ത്യ-യു.കെ. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ) യാഥാര്‍ഥ്യമാക്കുന്നതിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.’’-നരേന്ദ്രമോദി, പ്രധാനമന്ത്രി
Content Highlights: Rishi Sunak becomes UK Prime Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..