ആദ്യദിനം ചോദ്യശരങ്ങളെ നേരിട്ട് ഋഷി; ബജറ്റ് നവംബർ 17-ന്


ഋഷി സുനക് | Photo: A.P.

ലണ്ടൻ: ബ്രിട്ടൻ ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റ് പദ്ധതി രണ്ടാഴ്ച വൈകിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്. തിങ്കളാഴ്ച പാർലമെന്റിൽ സാമ്പത്തികപ്രസ്താവന അവതരിപ്പിക്കുമെന്നായിരുന്നു ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞിരുന്നത്. ലിസ് ട്രസ് പ്രധാനമന്ത്രിയായിരുന്ന സമയത്തെടുത്തതാണ് ഈ തീരുമാനം.

സുനകുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇത് നവംബർ 17-ലേക്ക് ഹണ്ട് മാറ്റി. പുതിയസർക്കാരിന്റെ നികുതികളും ചെലവുകളുമുൾപ്പെട്ട പൂർണ ബജറ്റ് പ്രസ്താവനയായിരിക്കും 17-ന് അവതരിപ്പിക്കുകയെന്ന് ഹണ്ട് പറഞ്ഞു. ഋഷിയുടെ സർക്കാരെടുത്ത ആദ്യ സുപ്രധാന തീരുമാനമാണിത്. ഷെയ്ൽ പാറകളിൽനിന്ന് എണ്ണയെടുക്കുന്നതിനുള്ള വിലക്ക് ഋഷി പുനഃസ്ഥാപിച്ചു. ലിസ് ട്രസ് ഇതുനീക്കിയിരുന്നു.

സാമ്പത്തികസ്ഥിരതയും വിശ്വാസവും വീണ്ടെടുക്കാൻ കടുത്ത തീരുമാനങ്ങളെടുക്കണമെന്ന് ചൊവ്വാഴ്ച പാർലമെന്റിലെ ആദ്യ ചോദ്യോത്തരവേളയിൽ അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഏറ്റവുംകഷ്ടതയനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസന്റെയും ലിസ് ട്രസിന്റെയും സർക്കാരുകളിൽ മന്ത്രിമാരായിരുന്നവരെ ഋഷി സുനക് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. ഔദ്യോഗികരേഖ സ്വകാര്യ ഇ-മെയിൽവഴി അയച്ചതിന്റെ പേരിൽ കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രിപദം രാജിവെച്ച ഇന്ത്യൻ വംശജ സുവല്ല ബ്രേവർമാനെ ആ പദവിയിൽ വീണ്ടും നിയമിച്ചതിനെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാമർ ചോദ്യംചെയ്തു. സുവല്ലയുടെ നിയമനത്തിൽ അന്വേഷണം വേണമെന്ന് മറ്റൊരു പ്രതിപക്ഷകക്ഷിയായ ലിബറൽ ഡെമോക്രാറ്റ്‌സും ആവശ്യപ്പെട്ടു. എന്നാൽ, ‘ജോലിയിൽ തെറ്റുവരുത്താത്തവരില്ലെന്നും തെറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരും ജോലിക്കു പോകാറില്ലെന്നും’ ബി.ബി.സി.ക്കു നൽകിയ അഭിമുഖത്തിൽ ഋഷി പറഞ്ഞു.

Content Highlights: rishi sunak british prime minister

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..