ഋഷി സുനകിന് 128 എം.പിമാരുടെ പിന്തുണ; ഇന്ത്യൻവംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ?


റിഷി സുനാക് | Photo: AP

ലണ്ടൻ: ഇന്ത്യൻവംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർഥിത്വം ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമ്പത്തികരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയെ ഒരുമിപ്പിക്കാനും രാജ്യത്തെ നയിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

മുൻ ധനമന്ത്രിയായ ഋഷിക്ക് 128 കൺസർവേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്. വരുംദിവസങ്ങളിൽ ഇതു കൂടാനാണുസാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻവംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബിൽ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.

പാർലമെന്റിൽ 357 അംഗങ്ങളാണ് കൺസർവേറ്റിവ് പാർട്ടിക്കുള്ളത്. ഇവരിൽ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാർഥിക്കേ മത്സരിക്കാനാകൂ. ആദ്യംതന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോർഡന്റിന് ഞായറാഴ്ചവരെ 23 എം.പി.മാരേ പരസ്യമായി പിന്തുണച്ചുള്ളൂ. പ്രധാനമന്ത്രിസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മുൻപ്രധാനമന്ത്രി ബോറിസ് ജോൺസണ് 56 പേർ പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് ആറരവരെ നാമനിർദേശപത്രിക സമർപ്പിക്കാം. അതിനുള്ളിൽ 100 എം.പി.മാരുടെ പിന്തുണലഭിക്കുമെന്നാണ് ജോൺസൺപക്ഷത്തിന്റെ പ്രതീക്ഷ. ശനിയാഴ്ചരാത്രി ഋഷിയും ജോൺസണും തമ്മിൽ രഹസ്യചർച്ച നടന്നെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സാമ്പത്തികനയങ്ങളുടെ പേരിൽ വിമർശനം നേരിട്ട പ്രധാനമന്ത്രി ലിസ് ട്രസ് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചതിനാലാണ് തിരഞ്ഞെടുപ്പ്. അഴിമതികളിൽപ്പെട്ട് ജൂലായിൽ ബോറിസ് ജോൺസൺ രാജിവെച്ചതിനെത്തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ തോൽപ്പിച്ചാണ് ലിസ് അധികാരത്തിലേറിയത്.

തിരഞ്ഞെടുപ്പ് ഇങ്ങനെ

* 2019-ൽ 357 എം.പി.മാരുമായി അധികാരത്തിലേറിയ കൺസർവേറ്റിവ് പാർട്ടിക്ക് 2024 ഡിസംബർവരെ കാലാവധിയുണ്ട്. അതിനാൽ, പൊതുതിരഞ്ഞെടുപ്പില്ല. കൺസർവേറ്റിവ് എം.പി.മാരും പാർട്ടിയിൽ രജിസ്റ്റർചെയ്തിട്ടുള്ള 1.74 ലക്ഷം പേരുമാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പാർട്ടിനേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പാണിത്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാണ് പ്രധാനമന്ത്രി.

* 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള എം.പി.ക്ക് സ്ഥാർഥിയാകാം.

* ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് ആറരവരെ നാമനിർദേശപത്രിക നൽകാം

* മൂന്നുപേർ മത്സരിക്കാനുണ്ടെങ്കിൽ എം.പി.മാർക്കിടയിൽ വോട്ടെടുപ്പ് നടത്തി കുറഞ്ഞ വോട്ടുകിട്ടുന്നയാളെ ഒഴിവാക്കും. ആ വോട്ടെടുപ്പിന്റെ ഫലം രാത്രി പത്തരയോടെ അറിയാം.

* പിന്നീട് രണ്ടുപേരിൽ ആരോടാണ് താത്പര്യമെന്നറിയിക്കാൻ എം.പി.മാർക്കിടിയിൽ വോട്ടെടുപ്പ്. ഇതിന്റെ ഫലം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയെത്തും.

* അതിനുശേഷം ഒരാൾ പിൻമാറാൻ തയ്യാറല്ലെങ്കിൽ കൺസർവേറ്റിവ് പാർട്ടിയംഗങ്ങൾക്കിടിയിൽ വോട്ടെടുപ്പ്. അതിൽ കൂടുതൽ വോട്ടുനേടുന്നയാൾ പാർട്ടിനേതാവും പ്രധാനമന്ത്രിയും.

* ആ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

* ഒരൊറ്റ സ്ഥാനാർഥിക്കുമാത്രമേ നൂറോ അതിലേറെയോ എം.പി.മാരുടെ പിന്തുണയുള്ളൂവെങ്കിൽ വോട്ടെടുപ്പേ ഉണ്ടാകില്ല. അയാളെ പാർട്ടിനേതാവും പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കും. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയെ തിങ്കളാഴ്ചതന്നെ അറിയാം.

Content Highlights: Rishi Sunak formally declares candidacy to be elected new UK PM

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..