പ്രതീകാത്മക ചിത്രം | Photo: AFP
കീവ്: യുക്രൈനുമായി സമാധാനചർച്ച നടത്തിയതിന്റെ പിറ്റേന്ന് ആക്രമണം കടുപ്പിച്ച് റഷ്യ. യുദ്ധത്തിന്റെ ആറാംദിനമായ ചൊവ്വാഴ്ച കിഴക്കൻ യുക്രൈനിലെ പട്ടണങ്ങളിൽ റഷ്യൻസേന ശക്തമായ ആക്രമണം നടത്തി. തലസ്ഥാനമായ കീവിനടുത്തേക്ക് കൂടുതൽ കവചിതവാഹനങ്ങളും പടക്കോപ്പുകളുമെത്തിച്ചു. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ കവചിതവാഹനങ്ങൾ കീവിനടുത്ത് നിരന്നുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. കീവിലെ ടി.വി. ടവറിനുനേരെ റഷ്യൻസേന നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
യുക്രൈനിലെ രണ്ടാം വലിയ നഗരമായ ഹാർകിവിൽ സർക്കാർ മന്ദിരത്തിനുനേരെ നടത്തിയ ഷെല്ലാക്രമണത്തിൽ 18 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ പുറത്തെടുക്കുകയായിരുന്നു.
ഹാർകിവിനു വടക്കുള്ള സുമിയിൽ 70 യുക്രൈൻപട്ടാളക്കാർ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു. യുക്രൈൻപട്ടാളം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റഷ്യയുടെ ഭീകരപ്രവർത്തനമാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. ഹാർകിവിലെ ആക്രമണം എല്ലാ യുദ്ധനിയമങ്ങളെയും കാറ്റിൽപ്പറത്തുന്നതാണെന്ന് യൂറോപ്യൻ വിദേശനയ തലവൻ ജോസഫ് ബോറെൽ പറഞ്ഞു.
തെക്കൻ യുക്രൈനിലെ വിവിധ പട്ടണങ്ങളിൽ ബോംബാക്രമണങ്ങളുണ്ടായി. ഹെർസോൻ പട്ടണത്തിലേക്കു കടക്കുന്ന സ്ഥലങ്ങളിൽ റഷ്യൻസേന ചെക്പോയന്റുകൾ സ്ഥാപിച്ചു. റഷ്യൻസേനയുടെ ആക്രമണത്തെത്തുടർന്ന് തെക്കുകിഴക്കൻ തുറമുഖനഗരമായ മരിയോപോളിൽ വൈദ്യുതി മുടങ്ങി. മരിയോപോളിലേക്കും തൊട്ടടുത്തുള്ള വൊൾനോവാഹയിലേക്കും റഷ്യൻസേന അടുത്തുകൊണ്ടിരിക്കുകയാണ്. 2014-ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയക്കും റഷ്യൻപിന്തുണയുള്ള വിമതമേഖലയ്ക്കും ഇടയിലാണ് ഇരുനഗരങ്ങളും. മരിയോപോളിൽനിന്ന് യുക്രൈൻപൗരർക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാമെന്നും രണ്ടുപാതകൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും വിഘടനവാദി കമാൻഡർ പറഞ്ഞു.
യൂറോപ്പിലെ സമാധാനം തകർന്നു
* റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ യൂറോപ്പിലെ സമാധാനം തകർത്തെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ്
* റഷ്യൻ ആക്രമണത്തിൽ ഇതുവരെ 14 കുട്ടികളുൾപ്പെടെ 350 യുക്രൈൻകാർ മരിച്ചു
* 6,60,000 പേർ യുക്രൈനിൽനിന്ന് മറ്റുരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 10 ലക്ഷം പേർ വീടുവിട്ട് യുക്രൈനുള്ളിൽത്തന്നെ പലയിടത്തായി അഭയം തേടിയിരിക്കുകയാണ്.
* ജോർജിയ, കിർഗിസ്താൻ എന്നിവിടങ്ങളിലെ യുക്രൈൻസ്ഥാനപതിമാരെ തിരിച്ചുവിളിച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ജോർജിയ ന്യായീകരിച്ചതിനാലാണ് അവിടത്തെ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. യുക്രൈനെ സഹായിക്കാൻ സന്നദ്ധരായവരെ തടസ്സപ്പെടുത്തിയതിനാലാണ് കിർഗിസ്താനിലെ സ്ഥാനപതിയോടു മടങ്ങാൻ നിർദേശിച്ചത്.
*ബോസ്ഫോറസ്, ഡാർജനെൽസ് കടലിടുക്കുകളിലൂടെയുള്ള പടക്കപ്പലുകളുടെ സഞ്ചാരം തുർക്കി വിലക്കി.
* പുതിന്റെ വക്താവ് ദിമിത്രി പെസ്കോവുൾപ്പെടെയുള്ള പ്രമുഖരെ യൂറോപ്യൻ യൂണിയൻ കരിമ്പട്ടികയിൽപ്പെടുത്തി.
* സുരക്ഷ കണക്കിലെടുത്ത് ഇറ്റലി സ്ഥാനപതികാര്യാലയം കീവിൽനിന്ന് പടിഞ്ഞാറുള്ള എൽവിവിലേക്കു മാറ്റി.
ലക്ഷ്യംനേടുംവരെ ആക്രമണം
ലക്ഷ്യംനേടുംവരെ യുക്രൈനിലെ ആക്രമണം നിർത്തില്ലെന്ന് റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷോയിഗു ചൊവ്വാഴ്ച പറഞ്ഞു. യുക്രൈനെ നിരായുധീകരിക്കുക, അവിടത്തെ നാസികളെ പുറത്താക്കുക, പാശ്ചാത്യരാജ്യങ്ങൾ സൃഷ്ടിച്ച സൈനികഭീഷണിയിൽനിന്ന് റഷ്യയെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യങ്ങളായി അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..