സർപ്പദ്വീപ് | By Фотонак - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62277127
കീവ്: കരിങ്കടലിലെ തന്ത്രപ്രധാന സ്നേക്ക് ദ്വീപിൽനിന്ന് റഷ്യ സൈന്യത്തെ പിൻവലിച്ചു. യുക്രൈന്റെ ഒഡേസ തുറമുഖത്തോടുചേർന്നുള്ള ദ്വീപ് ഒഴിഞ്ഞത് സ്വന്തംതീരുമാനപ്രകാരമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാൽ, തുടർച്ചയായ മിസൈലാക്രമണങ്ങളെത്തുടർന്ന് റഷ്യൻ പട്ടാളക്കാർ സ്പീഡ് ബോട്ടുകളിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുക്രൈന്റെ വാദം.
മേഖലയിൽ മാനുഷിക ഇടനാഴി സ്ഥാപിച്ച് കാർഷികോത്പന്നങ്ങൾ കയറ്റുമതിചെയ്യാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനാണ് പിന്മാറ്റമെന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയവക്താവ് ഇഗോർ കൊണഷെങ്കോവ് വിശദീകരിച്ചു. ആഗോള ഭക്ഷ്യപ്രതിസന്ധിക്കുകാരണം യുക്രൈനിൽനിന്നുള്ള കയറ്റുമതിക്ക് റഷ്യ തടസ്സംനിൽക്കുന്നതാണെന്ന് വ്യാപകവിമർശനമുണ്ട്. എന്നാൽ, യുക്രൈൻ സമുദ്രമൈനുകൾ സ്ഥാപിച്ചതിനാലാണ് സുരക്ഷിതമായ കപ്പൽഗതാഗതം സാധ്യമാകാത്തതെന്ന് റഷ്യയും ആരോപിക്കുന്നു.
അധിനിവേശത്തിന്റെ ആദ്യനാളുകളിൽത്തന്നെ റഷ്യ സ്നേക്ക് ദ്വീപിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. ഒഡേസയെ ആക്രമിക്കാനുള്ള സൈനികത്താവളമാക്കുകയായിരുന്നു ലക്ഷ്യം. ദ്വീപ് തിരിച്ചുപിടിക്കാനായത് തുടർച്ചയായ പോരാട്ടത്തിലൂടെയാണെന്ന് യുക്രൈന്റെ സതേൺ കമാൻഡ് അവകാശപ്പെട്ടു. ദ്വീപ് പുകയിൽ മൂടിയിരിക്കുകയാണെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.
അതേസമയം, കിഴക്കൻമേഖലയിൽ റഷ്യ ആക്രമണം കടുപ്പിച്ചു. ഡോൺബാസ് മേഖലയിലെ ലുഹാൻസ്ക് പ്രവിശ്യയിൽ യുക്രൈൻചെറുത്തുനിൽപ്പിന്റെ അവസാനശക്തികേന്ദ്രമായ ലിസിചാൻസ്ക് നഗരത്തെയാണ് ലക്ഷ്യമിടുന്നത്. ഡോൺബാസിലെ മറ്റൊരുപ്രവിശ്യയായ ഡൊണെറ്റ്സ്കിന്റെ സിംഹഭാഗവും റഷ്യയുടെ നിയന്ത്രണത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..