Photo | AFP
കീവ്: റഷ്യൻ അധിനിവേശമേഖലയായ ക്രൈമിയയിൽ എണ്ണസംഭരണകേന്ദ്രത്തിനുനേരെ ശക്തമായ ഡ്രോണാക്രമണം. പിന്നാലെ, സംഭരണകേന്ദ്രത്തിൽ വൻതീപ്പിടിത്തവുമുണ്ടായി. കരിങ്കടൽമേഖലയിലെ റഷ്യൻനിയന്ത്രിത തുറമുഖനഗരമായ സെവാസ്റ്റോപോളിലെ ഗവർണർ മിഖായേൽ റസ്വോഷായേവാണ് ആക്രമണവിവരം ശനിയാഴ്ച പുറത്തുവിട്ടത്.
വെള്ളിയാഴ്ച തലസ്ഥാനമായ കീവിലും ചരിത്രനഗരമായ ഉമാനിലും റഷ്യ നടത്തിയ മാരകവ്യോമാക്രമണത്തിനുള്ള യുക്രൈന്റെ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തൽ. 20 മിസൈലുകളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചുകുട്ടികളുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ, ക്രൈമിയ ആക്രമണത്തിനുപിന്നിൽ യുക്രൈനാണോയെന്ന കാര്യം ഗവർണർ സ്ഥിരീകരിച്ചില്ല. സംഭവത്തിൽ യുക്രൈനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും ഇതുകൊണ്ട് എണ്ണവിതരണം തടസ്സപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു. ക്രൈമിയയിലെ തുറമുഖത്തിനുനേരെ ആക്രമണം നടത്താൻ ശ്രമിച്ച യുക്രൈന്റെ ഡ്രോൺ വെടിവെച്ചിട്ടെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2014-ലെ യുദ്ധത്തിലൂടെ റഷ്യ യുക്രൈനിൽനിന്ന് നിയമവിരുദ്ധമായി കൂട്ടിച്ചേർത്തപ്രദേശമാണ് ക്രൈമിയ. ക്രൈമിയയുൾപ്പെടെ റഷ്യ കൈയടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, യുക്രൈന്റെ ഷെല്ലാക്രമണത്തെത്തുടർന്ന് അതിർത്തിയിലുള്ള അഞ്ച് റഷ്യൻഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പാടെ തകർന്നു. റഷ്യൻ അധിനിവേശനഗരമായ നൊവായ കാഖോവ്കയിലും യുക്രൈൻ പരക്കെ ഷെല്ലാക്രമണം നടത്തി. ഇവിടെയും വൈദ്യുതിവിതരണം പ്രതിസന്ധിയിലായി.
Content Highlights: russia ukrain war, crimea


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..