യുക്രൈൻ-റഷ്യ തടവുപുള്ളി കൈമാറ്റം; 250-ലേറെപ്പേർ മോചിതരായി


Volodymyr Zelensky | Photo: UKRAINE PRESIDENCY / AFP

കീവ്: തടവുപുള്ളി കൈമാറ്റത്തിലൂടെ റഷ്യയുടെ പിടിയിൽനിന്ന് 215 പേരെ മോചിപ്പിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി. പകരം റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ വിശ്വസ്തനും യുക്രൈനിലെ റഷ്യൻ അനുകൂല നേതാവുമായ വിക്ടോർ മെദ്‌വേദ്ചുക്കിനെയും 55 മറ്റ് തടവുപുള്ളികളെയുമാണ് യുക്രൈൻ വിട്ടയച്ചത്.

റഷ്യൻ ജയിലിൽനിന്ന് മോചിതരായവരിൽ 200 പേരും യുക്രൈൻ പൗരരാണ്. കൂടുതലും മരിയോപോളിൽ റഷ്യൻ സൈന്യത്തെ ചെറുത്തുനിന്നവർ. അഞ്ച് ബ്രിട്ടീഷുകാരും രണ്ട് യു.എസ്. സൈനികരും ഉൾപ്പെടെയുള്ള വിദേശികളാണ് ബാക്കി. പലരും റഷ്യൻ നിയന്ത്രിത പ്രദേശങ്ങളിൽ വധശിക്ഷ കാത്തുകഴിയുകയായിരുന്നുവെന്ന് സെലെൻസ്‌കി പറഞ്ഞു.

സൗദി അറേബ്യയും തുർക്കിയുമാണ് കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ചതെന്ന് സൂചനയുണ്ട്. ധാരണപ്രകാരം യുക്രൈന്റെ അഞ്ച് ഉന്നത സൈനികോദ്യോഗസ്ഥർ കരാർപ്രകാരം യുദ്ധം തീരുംവരെ തുർക്കിയിൽ കഴിയും.

ഡോനെറ്റ്‌സ്‌കിലെ വിമതരെ സഹായിച്ചതിന് രാജ്യദ്രോഹം, തീവ്രവാദ കുറ്റങ്ങൾ ചുമത്തപ്പെട്ട് യുക്രൈനിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്നു വിക്ടോർ മെദ്‌വേദ്ചുക്. യുക്രൈൻ മുൻ പ്രസിഡന്റ് ലിയോനിഡ് കുച്മയുടെ കീഴിൽ പ്രവർത്തിക്കുമ്പോഴാണ് മെദ്‌വേദ്ചുക് പുതിനുമായി സൗഹൃദത്തിലായത്. വിമതപ്രവർത്തനങ്ങളുടെ പേരിൽ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന ഇയാൾ അധിനിവേശത്തിന് ഏതാനും ദിവസം മുൻപ് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഏപ്രിലിൽ വീണ്ടും യുക്രൈൻ സൈന്യത്തിന്റെ പിടിയിലായി.

ഒരാൾക്കുവേണ്ടിയാണ് റഷ്യ 200 പേരെ തിരികെനൽകിയത്. ശരിയായ യോദ്ധാക്കൾക്കുവേണ്ടി മെദ്‌വേദ്ചുക്കിനെപ്പോലൊരാളെ വിട്ടുകൊടുക്കിന്നതിൽ തെറ്റില്ലെന്ന് സെലെൻസ്‌കി പറഞ്ഞു. അതേസമയം കൈമാറ്റത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ റഷ്യ തയാറായിട്ടില്ല.

യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ തടവുപുള്ളി കൈമാറ്റമാണിത്. നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് സ്വാഗതംചെയ്തു.

യുദ്ധവിരുദ്ധരെ അടിച്ചൊതുക്കി പുതിൻ

റഷ്യയിൽ റിസർവ് പട്ടാളക്കാരെ യുദ്ധമുന്നണിയിലെത്തിക്കാനുള്ള പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ ഉത്തരവിനെതിരേ പ്രതിഷേധിച്ചതിന് 1300 പേർ അറസ്റ്റിൽ. സൈനികശേഷി വർധിപ്പിക്കാൻ ടെലിവിഷനിലൂടെ പുതിൻ ആഹ്വാനംചെയ്ത് മണിക്കൂറുകൾക്കകം മോസ്കോയിൽ ജനങ്ങൾ തെരുവിലിറങ്ങി. ആശങ്കകളെത്തുടർന്ന് ചിലർ രാജ്യം വിടാൻ ശ്രമിച്ചു. ഇതോടെ 18-നും 65-നും ഇടയിൽ പ്രായമുള്ളവർക്ക് വിമാന ടിക്കറ്റുകൾ വിൽക്കുന്നത് വിലക്കി സർക്കാർ ഉത്തരവിട്ടു. അതേസമയം യുദ്ധത്തിൽ പ്രതിഷേധിച്ച് യുവാക്കൾ രാജ്യം വിടാനൊരുങ്ങിയെന്ന വാർത്ത റഷ്യ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Russia, Ukraine announce major surprise prisoner swap

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..