അസോവ് ഉരുക്കുനിർമാണശാലയിൽ റഷ്യൻ ബോംബാക്രമണം


മരിയോപൊളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഞായറാഴ്ച വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെടുകയുണ്ടായി

യുദ്ധമുഖത്ത് യക്രൈൻ സൈനികൻ

കീവ്: യുക്രൈന്റെ തെക്കൻ തീരനഗരമായ മരിയോപൊളിലെ അസോവ്സ്റ്റൽ ഉരുക്കുനിർമാണ ശാലയിൽ റഷ്യ ബോംബിട്ടു. റഷ്യൻ സേനയുടെ വ്യോമാക്രമണത്തിൽനിന്നു രക്ഷപ്പെടാൻ നാട്ടുകാർ അഭയം പ്രാപിച്ചിരിക്കുന്നിടമാണിത്. ഇവിടെനിന്ന് യുക്രേനിയൻ സൈന്യത്തെ തുരത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം.

ഫെബ്രുവരി 24-നു തുടങ്ങിയ യുക്രൈൻ യുദ്ധം ഞായറാഴ്ച രണ്ടുമാസം പിന്നിട്ടു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യുക്രൈനിലെത്തി. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് യു.എസിലെ ഉന്നതനേതാക്കൾ യുക്രൈനിലെത്തുന്നത്.

ഞായറാഴ്ച യുക്രൈനിലെയും റഷ്യയിലെയും ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ ഈസ്റ്റർ ദിനമായതിനാൽ വെടിനിർത്തണമെന്ന് യുക്രൈനും ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു. യുദ്ധം രൂക്ഷമായ മരിയോപൊളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഞായറാഴ്ച വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെടുകയുണ്ടായി.

4.4 കോടി യുക്രൈൻകാരിൽ 52 ലക്ഷംപേർ ഇതുവരെ നാടുവിട്ടതായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥിവിഭാഗം പറഞ്ഞു.

ആദ്യം യുക്രൈൻ സന്ദർശിക്കാതെ ചൊവ്വാഴ്ച റഷ്യയിൽ പോകുന്ന യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനെ സെലെൻസ്കി വിമർശിച്ചു. ഗുട്ടറെസിന്റെ സന്ദർശനം നീതിക്കും യുക്തിക്കും നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Russian Bombing In Ukrane Azovstal Steelplant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..