സൗഹൃദത്തിന്റെ ആബെക്കാലം


ഷിൻസോ ആബേയും നരേന്ദ്ര മോദിയും

ന്യൂഡൽഹി: സൗമ്യമായ മുഖവും സൗഹൃദംനിറഞ്ഞ ചിരിയും മുദ്രകളാക്കിയ ഷിൻസോ ആബേ ഇന്ത്യ-ജപ്പാൻ ചരിത്രത്തിൽ എഴുതിയത് ഊഷ്മളചരിത്രം. വാരാണസിയിലെ ഗംഗാ ആരതിമുതൽ പദ്മവിഭൂഷൺ ബഹുമതിവരെയുള്ള വ്യക്തിഗത അനുഭവങ്ങളും ബുള്ളറ്റ് ട്രെയിൻമുതൽ പ്രതിരോധക്കരാർവരെയുള്ള ഉഭയകക്ഷിപദ്ധതികളും ചരിത്രത്തിൽ ഇടംപിടിച്ചത് ആബെയുടെ പ്രധാനമന്ത്രിപദകാലത്താണ്. ലോകവേദികളിൽ എക്കാലത്തും ഇന്ത്യയെ അദ്ദേഹം പിന്തുണച്ചു. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് കിളിർത്ത് നരേന്ദ്രമോദിയുടെ ഭരണത്തിൽ വളർന്ന ആബേ-ഇന്ത്യ സൗഹൃദം, ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം ചെറുക്കാനും ഇന്ത്യക്ക്‌ തുണയായി. ജപ്പാന്റെ മികച്ച താത്‌പര്യത്തിന് കരുത്തുറ്റ ഇന്ത്യയും ഇന്ത്യയുടെ മികച്ച താത്‌പര്യത്തിന് കരുത്തുറ്റ ജപ്പാനും അനിവാര്യമാണെന്നായിരുന്നു ആബേയുടെ സമീപനം.

ഇന്ത്യയിലെത്തിയത് നാലുവട്ടം2006-ൽ ആദ്യമായി ജപ്പാൻപ്രധാനമന്ത്രിയായി ചുമതലയേറ്റ കാലംമുതൽ ആബെ ഇന്ത്യയുമായി ഇഴയടുപ്പം വളർത്താൻ ശ്രദ്ധിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലായി പ്രധാനമന്ത്രിപദം വഹിച്ച ആബെ നാലുവട്ടം ഇന്ത്യയിലെത്തി. 2007-ൽ യു.പി.എ. ഭരണകാലത്തായിരുന്നു ആദ്യം. അന്ന് പാർലമെന്റിനെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ജനാധിപത്യധാരയെ അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും 1957-ൽ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന തന്റെ മുത്തച്ഛൻ നോബുസ്‌കെ കിഷിയും തമ്മിൽ മികച്ചബന്ധമായിരുന്നുവെന്ന് അനുസ്മരിച്ചു. രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ മൂന്നുതവണയാണ് ആബെ ഇന്ത്യയിലെത്തിയത്. 2014-ൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി.

2015-ൽ ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് എത്തിയത്. 2017-ൽ ആബേ സന്ദർശിച്ചത് ഗുജറാത്തിലെ അഹമ്മദാബാദ്. ജപ്പാൻ സഹകരണത്തോടെ ഇന്ത്യ ആരംഭിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് തറക്കല്ലിട്ടു. 2018-ൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയ മോദിയെ ആബെ തന്റെ പൈതൃകഗൃഹമായ യമനാഷിയിൽ സ്വീകരിച്ചു. മോദിക്കായി സ്വകാര്യവിരുന്ന് സംഘടിപ്പിച്ചു. ആദ്യമായാണ് ഒരു വിദേശനേതാവിന് ഇത്തരത്തിൽ സ്വീകരണം നൽകുന്നത്. 2020-ൽ ഗുവാഹാട്ടിയിൽ രണ്ടുപ്രധാനമന്ത്രിമാരും ചേർന്ന് ഉഭയകക്ഷിചർച്ചകൾ നിശ്ചയിച്ചെങ്കിലും പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള സമരംമൂലം സന്ദർശനം നടന്നില്ല.

ഉറച്ചസൗഹൃദം

2013മുതൽ ഇന്ത്യ-ചൈന സംഘർഷസമയങ്ങളിൽ ജപ്പാൻ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതിനുപിന്നിൽ ആബെയുടെ സൗഹൃദമായിരുന്നു. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ മേധാവിത്വം വർധിക്കുന്നത് ചെറുക്കാൻ രൂപവത്കരിച്ച ‘ക്വാഡ്’ കൂട്ടായ്മ ആബെയുടെ സൃഷ്ടിയാണ്. ഇന്തോ-പസഫിക് മേഖലയിൽ അന്താരാഷ്ട്രനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്രവ്യാപാരപാതയാണ് പ്രധാന സംഭാവന. ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ നിത്യചിഹ്നമായി 2021-ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. മേയ് മാസത്തിൽ ടോക്യോവിൽനടന്ന ക്വാഡ് ഉച്ചകോടിക്കിടയിലാണ് ഇരുവരും ഒടുവിൽ കണ്ടത്.

Content Highlights: Shinzo Abe and India, shinzo abe and narendra modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..