ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു പുറത്തു പ്രതിഷേധിക്കുന്നവർ കവാടത്തിൽ നിർത്തിയിട്ടിരുന്ന സേനാ ബസിനു തീവെച്ചപ്പോൾ | എ.എഫ്.പി
ജാഫ്‌ന: സാമ്പത്തികപ്രതിസന്ധിയാൽ വലയുന്ന ശ്രീലങ്കയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ കനക്കുന്നു. പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചരാത്രി അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു പുറത്തു പ്രതിഷേധിച്ചവരിൽ 54 പേരെ പോലീസ് അറസ്റ്റുചെയ്തു.
കൊളംബോയിലെ മിരിഹിനയിലെ വീടിനുപുറത്തു കൂടിയ ആയിരക്കണക്കിനു പ്രക്ഷോഭകർ ‘ഗോത വീട്ടിൽപ്പോകൂ’ എന്നു മുദ്രാവാക്യം മുഴക്കി. വീടിന്റെ കവാടത്തിൽ നിർത്തിയിട്ടിരുന്ന രണ്ടു സേനാ ബസുകൾക്കുനേരെ കല്ലെറിയുകയും ഒരെണ്ണത്തിനു തീവെക്കുകയും ചെയ്തു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രക്ഷോഭകരിൽ ഒരാൾക്കും അഞ്ചുപോലീസുകാർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട്.
ഇതേത്തുടർന്ന് വ്യാഴാഴ്ച രാത്രി കൊളംബോയിലും പരിസരത്തുമേർപ്പെടുത്തിയ കർഫ്യൂ വെള്ളിയാഴ്ച രാവിലെയോടെ പിൻവലിച്ചു. എങ്കിലും സ്‌കൂളുകൾ മുഴുവൻസമയവും പ്രവർത്തിച്ചില്ല. സ്‌കൂൾ ബസുകൾ ചില റൂട്ടുകളിലേക്ക് ഓടിക്കില്ലെന്നും കുട്ടികളെ കൂട്ടാൻ ചെല്ലണമെന്നും ഏതാനും സ്‌കൂളുകൾ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു.
സംഘടിതതീവ്രവാദികളാണ് വ്യാഴാഴ്ച രാത്രിയിലെ പ്രക്ഷോഭത്തിനുപിന്നിലെന്ന് പ്രസിഡന്റിന്റെ ഓഫീസ് ആരോപിച്ചു. എന്നാൽ, തീവ്രവാദശക്തികളുടെ പ്രവൃത്തിയല്ല, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു.
സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗോതാബയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെ മിരിഹിനയിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. ഭരണാധികാരികളെ പുറത്താക്കാനായി വിവിധ അറബ് രാജ്യങ്ങളിൽനടന്ന ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ മാതൃകയിൽ ഞായറാഴ്ച ശ്രീലങ്കയിൽ പ്രക്ഷോഭങ്ങൾ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്.
പതിമ്മൂന്നുമണിക്കൂർനീണ്ട വൈദ്യുതിമുടക്കം ഇന്റർനെറ്റ് സേവനങ്ങളെയും ബാധിച്ചു. മിക്കയിടത്തും 3ജി, 4ജി സേവനങ്ങൾ തടസ്സപ്പെടുകയോ മന്ദഗതിയിലാവുകയോ ചെയ്തു. ഡീസൽക്ഷാമം തുടരുന്നുണ്ടെങ്കിലും കരിഞ്ചന്തയിൽ ലഭിക്കുന്നുണ്ട്. കരിഞ്ചന്തയിൽ വ്യാഴാഴ്ച ഡീസൽ ലിറ്ററിന് 275 ശ്രീലങ്കൻ രൂപയായിരുന്നു വില.
പ്രതിസന്ധിയെ അതിജീവിക്കാൻ അന്താരാഷ്ട്ര നാണ്യനിധിയിൽ(ഐ.എം.എഫ്.)നിന്നും സഹായം തേടുമെന്ന് ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായുള്ള ചർച്ചകൾക്ക് വരുംദിവസങ്ങളിൽ തുടക്കംകുറിക്കുമെന്ന് ഐ.എം.എഫ്. വക്താവ് ജെറി റൈസ് പ്രതികരിച്ചു.
Content Highlights: thousands protested in front of the Sri Lanka president s residence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..