തദ്ദേശതിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന് തിരിച്ചടി; ലണ്ടനിലെ പ്രധാന കൗൺസിലുകൾ ലേബർ പാർട്ടിക്ക്


Britain's Prime Minister Boris Johnson | Photo: AP

ലണ്ടൻ: ബ്രിട്ടനിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടി. ലണ്ടനിലെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ പ്രതിപക്ഷമായ ലേബർ പാർട്ടിയോട് തോറ്റു.

വെസ്റ്റ്മിനിസ്റ്റർ, വാൻഡ്‌സ്‌വർത്ത്, ബാർനെറ്റ് കൗൺസിലുകളിൽ ലേബർ പാർട്ടി അട്ടിമറിവിജയം നേടി. 1964-ൽ രൂപീകൃതമായതുമുതൽ വെസ്റ്റ്മിനിസ്റ്ററും 1978 മുതൽ വാൻഡ്‌സ്‌വർത്തും കൺസർവേറ്റീവുകളുടെ കൈവശമായിരുന്നു.പാർട്ടിഗേറ്റ് വിവാദങ്ങളും വിലക്കയറ്റവുംമൂലം ബോറിസ് ജോൺസനുനേരെ ജനവികാരം ശക്തമായ സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് ലോക് ഡൗൺ ലംഘിച്ച് പ്രധാനമന്ത്രിയും കൂട്ടരും ആഘോഷപരിപാടികൾ സംഘടിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണ് പാർട്ടിഗേറ്റ് എന്നറിയപ്പെടുന്നത്.

ചിലസ്ഥലങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും പൊതുവേ സമ്മിശ്രഫലമാണിതെന്ന് ബോറിസ് ജോൺസൻ പ്രതികരിച്ചു. ബ്രെക്സിറ്റ്, വാക്സിൻ വിതരണം തുടങ്ങി സർക്കാർ വലിയകാര്യങ്ങൾ ചെയ്തു. ഇനിയും കൂടുതൽകാര്യങ്ങൾ ചെയ്യാനുള്ളതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സറ്റാർമെർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിൽ 140, സ്കോട്ട്‌ലൻഡിൽ 32, വെയിൽസിൽ 22 വീതം കൗൺസിലുകളുമാണുള്ളത്. തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻപാർട്ടി എന്നിവയും നേട്ടമുണ്ടാക്കി.

Content Highlights: UK PM Boris Johnson's Conservatives lose key seats in London polls

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..