ലക്ഷ്യംകണ്ടില്ലെങ്കിലും കരുത്തുകാട്ടി ഋഷി സുനാക്


ഋഷി സുനാക് | Photo: AP

ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ വർഷങ്ങൾക്കുമുൻപ്‌ പ്രഖ്യാപിച്ചു, ഇന്ത്യൻ വംശജനായ ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെങ്കിൽ അത് കൺസർവേറ്റിവ് പാർട്ടിയിൽ നിന്നായിരിക്കുമെന്ന്. അന്ന് അദ്ദേഹം പോലും പ്രതീക്ഷിച്ചുകാണില്ല തന്റെ പ്രവചനം ഇത്രവേഗം യാഥാർഥ്യമാകുമെന്ന്. ഓക്സ്ഫഡിലും സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ച മുൻ ബാങ്കർ ഋഷി സുനാക് 2015-ലാണ് യോക് ഷയറിലെ റിച്ച്മണ്ടിൽനിന്ന് പാർലമെന്റിൽ എത്തിയത്. നാല്പത്തിരണ്ടുകാരനായ ഋഷി സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത് ആരെയും അമ്പരപ്പിക്കുന്ന വേഗത്തിലാണ്.

പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൻ ലൈംഗികാരോപണം നേരിടുന്ന ഒരാളെ സർക്കാർ പദവിയിൽ നിയമിച്ചെന്ന വാർത്ത പുറത്തുവന്നപ്പോൾ ജനങ്ങളോടാണ് തനിക്ക് കടപ്പാടെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക് രാജിവച്ചു. ആ രാജി ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഉലച്ചുവെന്ന് പറഞ്ഞാൽ അദ്ഭുതമില്ല. പിടിച്ചുനിൽക്കാനാവാതെ ജോൺസന് പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. സുനാക് ചതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളിൽ വലിയൊരു വിഭാഗവും കരുതുന്നത്. അത് തിരഞ്ഞെടുപ്പിൽ സുനാക്കിന് തിരിച്ചടിയായി.നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ലിസ് ട്രസ് പ്രചാരണത്തിൽ മുന്നേറിയപ്പോഴും വാഗ്ദാനങ്ങളിൽ യാഥാർഥ്യബോധം കൈവിടാതിരിക്കാനാണ് ഋഷി സുനാക് ശ്രദ്ധിച്ചത്. ലിസ് ട്രസ് പറയുമ്പോലെയുള്ള നികുതിയിളവ് ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്ക് ചേരില്ലെന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ അക്ഷത മൂർത്തിയാണ് ഋഷി സുനാക്കിന്റെ ഭാര്യ. ഇവർ വിദേശ വരുമാനത്തിന് നികുതിയൊടുക്കുന്നില്ലെന്ന വിവാദവും ഋഷി സുനാക്കിന്റെ പ്രധാനമന്ത്രി മോഹത്തിന് നേരത്തേതന്നെ പ്രഹരമേൽപ്പിച്ചിരുന്നു. ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നേട്ടം ഇക്കുറി സാധ്യമായില്ലെങ്കിലും രാഷ്ട്രീയത്തിൽ ശക്തമായി തുടരുമെന്ന് ഋഷി സുനാക് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: uk prime minister election rishi sunak

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..