യുക്രൈനിൽ ഡാം തകർത്തു; പ്രളയഭീതി, തകർത്തത് റഷ്യൻസേനയെന്ന് യുക്രൈൻ


2 min read
Read later
Print
Share

യുക്രൈനിലെ നോവ കഖോവ്ക ഡാം തകർന്നതിനെ തുടർന്ന് ഖേർസണിലെ വീടുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തിയപ്പോൾ തന്റെ നായക്കുട്ടികളുമായി നിൽക്കുന്ന വീട്ടുകാരി| Photo: AP

കീവ്: തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിൽ തകർന്നു. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡാം തകർച്ച, 16-ാം മാസത്തിലേക്ക് പ്രവേശിച്ച യുക്രൈൻയുദ്ധത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്കയുയർത്തി.

അണക്കെട്ട് തകർന്നതോടെ സമീപപ്രദേശങ്ങളിലേക്ക് വെള്ളം കുതിച്ചൊഴുകി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ജനങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയാണ്. ചിലഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളുമൊക്കെ പൂർണമായും വെള്ളത്തിനടിയിലായി.

സംഭവത്തിനുപിന്നാലെ യുക്രൈൻ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്കിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷാസമിതി അടിയന്തരയോഗം ചേർന്നു. പുലർച്ചെ മൂന്നോടെ അണക്കെട്ടിനുള്ളിൽ റഷ്യൻസൈന്യം സ്ഫോടനം നടത്തുകയായിരുന്നുവെന്നും എൺപതിലധികം ജനവാസമേഖലകൾ അപകടത്തിലാണെന്നും സെലെൻസ്കി അറിയിച്ചു. ‘‘ഭീകരപ്രവർത്തനമാണിത്. കുറെദശകങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവുംവലിയ മനുഷ്യനിർമിത ദുരന്തം. പൂർണമായും റഷ്യൻസേനയുടെ നിയന്ത്രണത്തിലായിരുന്നു അണക്കെട്ട്. പുറത്തുനിന്ന് ആർക്കെങ്കിലും ഷെല്ലാക്രമണത്തിലൂടെയോ മറ്റോ ഡാം തകർക്കാൻ ഒരിക്കലുംകഴിയില്ല. റഷ്യൻസേന തകർത്തതാണെന്ന് ഉറപ്പാണ്’’ -സെലെൻസ്കി പ്രതികരിച്ചു.

നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പുനൽകി. ദുരന്തത്തിന്റെ പാരിസ്ഥിതികപ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലേ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിപ്രോനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള 19 ഗ്രാമങ്ങളും ഖേർസൺ നഗരത്തിന്റെ പ്രധാനഭാഗങ്ങളുമാണ് വലിയ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. അണക്കെട്ടു തകർന്നത് ക്രൈമിയയിലേക്കുള്ള കുടിവെള്ളവിതരണവും തടസ്സപ്പെടുത്തും.

മണിക്കൂറിൽ അഞ്ചുസെന്റിമീറ്ററാണ് ഡാമിൽ ജലനിരപ്പ് താഴുന്നത്. ഡാം തകർന്നാൽ 1.8 കോടി ക്യുബിക് മീറ്റർ വെള്ളം പുറത്തോട്ടൊഴുകുമെന്നും അത് ഖേർസണിൽ വലിയവെള്ളപ്പൊക്കമുണ്ടാക്കുമെന്നും യുക്രൈൻ നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നു. അധിനിവേശമാരംഭിച്ചശേഷം ജലവൈദ്യുതനിലയങ്ങളും അണക്കെട്ടുകളും ലക്ഷ്യമിട്ട് നേരത്തേയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിലുള്ള അണക്കെട്ടിന്റെ തകർച്ച രണ്ടുകൂട്ടരെയും ബാധിക്കുമെന്നിരിക്കേ, ആക്രമണത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച് അവ്യക്തതയുണ്ട്. ദക്ഷിണമേഖലകളിൽ യുക്രൈന്റെ പ്രത്യാക്രമണപദ്ധതികൾക്ക് തടയിടാൻ റഷ്യ നടത്തിയതാണ് ആക്രമണമെന്ന വിലയിരുത്തലുണ്ട്. പക്ഷേ, ക്രൈമിയയിലെ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്നിരിക്കേ റഷ്യ അതിന് മുതിരുമോയെന്നും ചോദ്യമുയരുന്നുണ്ട്. 2014-ലെ യുദ്ധംവഴി റഷ്യ നിയമവിരുദ്ധമായി കൂട്ടിച്ചേർത്ത പ്രദേശമാണ് ക്രൈമിയ.

ആണവനിലയത്തിന് ഭീഷണിയോ

യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ സാഫോറീസിയ നിലയത്തിലേക്ക് വെള്ളമെത്തിക്കുന്നത് നോവ കഖോവ്ക അണക്കെട്ടിൽനിന്നാണ്.

അണക്കെട്ടിന്റെ തകർച്ച, നിലയത്തെ ഹാനികരമായി ബാധിച്ചേക്കാമെന്ന് യുക്രൈനിലെ ആണവനിലയങ്ങളുടെ നടത്തിപ്പുചുമതലയുള്ള ‘എനെർഗോടൊം’ അറിയിച്ചു. നിലയത്തിന്റെ കൂളിങ് സംവിധാനത്തിലുപയോഗിക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽനിന്നെത്തുന്നത്.

അണക്കെട്ടു തകർന്നത് നിലയത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ സഗൗരവം നിരീക്ഷിച്ചുവരുകയാണെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. കുറച്ചുമാസത്തേക്ക് നിലയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ജലം മറ്റുസ്രോതസ്സുകൾവഴി ലഭ്യമാകുമെന്നും ഏജൻസി വ്യക്തമാക്കി.

റഷ്യ നടത്തിയത് പാരിസ്ഥിതികഹത്യ -യുക്രൈൻ

അണക്കെട്ടുതകർന്ന സംഭവം റഷ്യൻസൈന്യം നടത്തിയ പാരിസ്ഥിതിക ഹത്യയാണെന്ന് യുക്രൈന്റെ പ്രസിഡൻഷ്യൽ അഡ്മിനിസ്‌ട്രേഷൻ മേധാവി കുറ്റപ്പെടുത്തി.

റഷ്യ-യുക്രൈൻ യുദ്ധം പുതിയതലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി, തെക്കുകിഴക്കൻമേഖലകളിലെ 1000 കിലോമീറ്ററിലധികം പ്രദേശത്ത് പ്രത്യാക്രമണത്തിന് സജ്ജരായ സൈനികരെ ഇതിനോടകംതന്നെ യുക്രൈൻ വിന്യസിച്ചിട്ടുണ്ട്.

നോവ കഖോവ്ക അണക്കെട്ട്

1956-ൽ സോവിയറ്റ് കാലഘട്ടത്തിലാണ് നിപ്രോ നദിക്കുകുറുകെ നോവ കഖോവ്ക അണക്കെട്ട് നിർമിച്ചത്. നോവ കഖോവ്ക ജലവൈദ്യുതനിലയം പ്രവർത്തിക്കുന്നതും ഇവിടെയാണ്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഈ ഭീമൻ അണക്കെട്ടിനെ ‘കഖോവ്ക കടൽ’ എന്നും ജനങ്ങൾ വിളിക്കാറുണ്ട്. നീളക്കൂടുതൽ കാരണം ചിലസ്ഥലങ്ങളിൽനിന്ന് നോക്കിയാൽ മറ്റേയറ്റം കാണാത്തതിനാലാണിത്. 2014-ലെ ക്രൈമിയയുദ്ധത്തിനുശേഷമാണ് അണക്കെട്ട് റഷ്യയുടെ നിയന്ത്രണത്തിലാകുന്നത്. ക്രൈമിയയിലേക്കുള്ള പ്രധാന ജലവിതരണസംഭരണിയാണിത്. നിലവിൽ നിപ്രോനദിക്കുകുറുകെയുള്ള ആറ് അണക്കെട്ടുകളിൽ അഞ്ചെണ്ണത്തിന്റെ നിയന്ത്രണം യുക്രൈനാണ്.

Content Highlights: ukraine dam destruction

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..