വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി സെലെൻസ്കി കൂടിക്കാഴ്ച നടത്തുന്നു | Photo: AP
കീവ്/വാഴ്സോ: കഴിയുന്നതുംവേഗം ലോകരാജ്യങ്ങൾ യുക്രൈന് വലിയ അളവിൽ ആയുധങ്ങളെത്തിച്ചു നൽകണമെന്ന് ചെക് റിപബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാല ആവശ്യപ്പെട്ടു. യുക്രൈനിലെ ആക്രമണഭീഷണികളെ അവഗണിച്ച് ഫിയാലയും പോളണ്ട്, സ്ലൊവേനിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരായ മൊറാവിയെകി, ജാനെസ് ജാൻസ എന്നിവരും ചൊവ്വാഴ്ച കീവിലെത്തി പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെ കണ്ടിരുന്നു. റഷ്യൻ അധിനിവേശം തുടങ്ങിയശേഷം ഇതാദ്യമാണ് വിദേശരാജ്യങ്ങളുടെ നേതാക്കൾ കീവിലെത്തുന്നത്. യുക്രൈന് മുഴുവൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും പിന്തുണയുറപ്പാണെന്ന് നേതാക്കൾ സെലെൻസ്കിയെ അറിയിച്ചു.
കൂടുതൽ ആയുധങ്ങൾ കിട്ടിയാലേ യുക്രൈന് റഷ്യയോട് പൊരുതിനിൽക്കാനാവൂവെന്ന് കീവിൽ നിന്ന് പോളണ്ടിൽ തിരിച്ചെത്തിയശേഷം ഫിയാല പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യത്തിനുംകൂടി വേണ്ടിയാണ് യുക്രൈനികൾ പോരാടുന്നത്. അതിനാൽ അവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാഭീഷണിയുണ്ടായിരുന്നിട്ടും മണിക്കൂറുകളോളം തീവണ്ടിയാത്ര നടത്തിയാണ് പ്രധാനമന്ത്രിമാർ കീവിലെത്തിയത്. അതേസമയം, നേതാക്കൾ സ്വതന്ത്രമായാണ് യാത്ര നടത്തിയതെന്ന് ഇ.യു. പ്രതികരിച്ചു. കീവിൽ മാത്രമല്ല, പടിഞ്ഞാറൻ മേഖലയിലടക്കം എല്ലായിടത്തും റഷ്യ ആക്രമണം നടത്തുകയാണെന്ന് സെലെൻസ്കി സംഘത്തെ അറിയിച്ചു.
* ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യുക്രൈൻ-റഷ്യ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചേക്കും
* കൗൺസിൽ ഓഫ് യൂറോപ്പിന്റെ മനുഷ്യാവകാശസമിതിയിൽനിന്ന് റഷ്യയെ പുറത്താക്കി
* റഷ്യയ്ക്കെതിരായ യുദ്ധത്തിൽ അമേരിക്ക കൂടുതൽ സഹായം നൽകണമെന്ന് യു.എസ്. കോൺഗ്രസിൽ സെലെൻസ്കി അഭ്യർഥിച്ചു
Content Highlights: Ukraine needs more weapons, says Czech PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..