യുക്രൈനിൽ റഷ്യൻ വിമതരുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു


റഷ്യൻ പോർവിമാനങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രം | Photo: AP

കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ പിന്തുണയുള്ള വിമതർ ശനിയാഴ്ച നടത്തിയ ഷെല്ലാക്രമണത്തിൽ യുക്രൈൻ സൈനികൻ കൊല്ലപ്പെട്ടു. ഡോബാസ് മേഖലയിലുണ്ടായ ആക്രമണത്തിലാണ് സൈനികന് ജീവൻ നഷ്ടമായതെന്ന് സൈന്യം അറിയിച്ചു. യുക്രൈൻ അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെയാണ് റഷ്യൻ വിമതർ ആക്രമണം കടുപ്പിച്ചത്. സമീപദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ ആദ്യമായാണ് യുക്രൈൻ സൈനികന് ജീവൻ നഷ്ടമാകുന്നത്.

വെള്ളിയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തിൽ തങ്ങളുടെ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റതായി യുക്രൈൻ അടിയന്തര വിഭാഗം അറിയിച്ചു. ജനവാസകേന്ദ്രങ്ങൾക്കുനേരെ ആക്രമണമുണ്ടായതായും അധികൃതർ അറിയിച്ചു. വിമതരുടെ അധീനതയിലുള്ള നഗരമായ ലുഹാൻസ്കിൽ വിമതർ ഷെല്ലാക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരോട് റഷ്യയിലേക്ക് പലായനം ചെയ്യാൻ വിമതനേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

വിമതരുമായി ബന്ധമില്ലെന്ന് റഷ്യ പലകുറി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, വിമതർക്ക് റഷ്യ വൻതോതിൽ ആയുധം എത്തിക്കുന്നതിന്റെ തെളിവുകൾ യു.എൻ. അടക്കം കണ്ടെത്തിയിരുന്നു.

അതിനിടെ യുക്രൈൻ അതിർത്തിയിലെ 40 ശതമാനത്തിലേറെ റഷ്യൻ സൈനികരും ആക്രമണസജ്ജരായി നിലയുറപ്പിച്ചിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറിനിടെ റഷ്യ തയ്യാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്. 125 ബറ്റാലിയൻ സംഘങ്ങൾ യുക്രൈൻ അതിർത്തിയോടുചേർന്ന് നിലയുറപ്പിച്ചിട്ടുണ്ടെന്നും യു.എസ്. വിശദീകരിച്ചു. യു.എസ്. വൈസ്‌ പ്രസിഡന്റ് കമലാ ഹാരിസ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും.

Content Highlights: Ukraine Soldier Killed In Clashes Near Russia Border

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..