Photo: reuters
ബയ്‌റുത്ത്: കിഴക്കൻ സിറിയയിൽ വ്യാഴാഴ്ച യു.എസ്. നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻഅനുകൂലസേനയിലെ എട്ടുപേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.) നടത്തിയ ഡ്രോൺ ആക്രമത്തിൽ യു.എസ്. കരാറുകാരൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഈ തിരിച്ചടി. സംഭവത്തിൽ സേവനരംഗത്തുള്ള യു.എസിന്റെ അഞ്ചുദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
യു.എസ്. പ്രസിഡന്റ് ജോബൈഡന്റെ നിർദേശപ്രകാരമാണ് പ്രത്യാക്രമണമെന്ന് പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ഇറാൻഅനുകൂലസേന സിറിയൻ ആഭ്യന്തരയുദ്ധമുഖത്ത് ഉപയോഗിക്കുന്ന പശ്ചാത്തലസൗകര്യങ്ങളും ആയുധസംഭരണകേന്ദ്രങ്ങളും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയൻ ഭരണകൂടവും ഇറാൻഅനുകൂലസേനയും ചേർന്നുനടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് യു.എസിന്റെ മറുപടിയാണിതെന്നും ഓസ്റ്റിൻ അറിയിച്ചു.
ഭീകരസംഘടനകളുടെ കരിമ്പട്ടികയിൽ യു.എസ്. ഉൾപ്പെടുത്തിയ ഇറാന്റെ സൈനികവിഭാഗമാണ് ഐ.ആർ.ജി.സി. സേന.
ആഭ്യന്തരയുദ്ധത്തിൽ, ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനുനേരെ പൊരുതാൻ നൂറുകണക്കിന് യു.എസ്. സൈനിക ട്രൂപ്പുകളാണ് സിറിയയിലുള്ളത്. കുർദുകളുടെ നേതൃത്വത്തിൽ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫ്രണ്ടിനെയാണ് (എസ്.ഡി.എഫ്.) യു.എസ്. പിന്തുണയ്ക്കുന്നത്. 2019-ൽ സിറിയയിൽനിന്ന് ഐ.എസിനെ തുരത്തുന്നതിൽ ഈ സൈനികസഖ്യം നിർണായകമായിരുന്നു.
Content Highlights: US in Syria Eight killed in airstrike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..