തയ്‌വാനുവേണ്ടി സൈന്യത്തെ ഇറക്കും -ബൈഡൻ


ബൈഡൻ

ടോക്യോ: തയ്‌വാനിൽ ചൈന അധിനിവേശത്തിന് മുതിർന്നാൽ, സൈനിക ഇടപെടലിന് മടിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. തയ്‌വാനെ സംരക്ഷിക്കാനുള്ള ചുമതല വർധിച്ചെന്നാണ് യുക്രൈനിലെ റഷ്യൻ ആക്രമണം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ ബൈഡൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തയ്‌വാൻ വിഷയത്തിൽ സമീപകാലത്ത് യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും രൂക്ഷമായ പ്രതികരണമാണിത്. സാധാരണ പരസ്യമായ സൈനിക പിന്തുണ യു.എസ്. പ്രഖ്യാപിക്കാറില്ല. 1979-ലെ തയ്‍വാൻ ബന്ധുത്വ നിയമമനുസരിച്ച് സൈനിക സഹായം നൽകാൻ യു.എസിന് ബാധ്യതയില്ല. എന്നാൽ ബൈഡന്റെ വാക്കുകൾ നയംമാറ്റമായി കാണാനാകില്ലെന്ന് വൈറ്റ്ഹൗസിലെ ചില ഉദ്യോഗസ്ഥർ വിശദീകരിച്ചു.പ്രസ്താവനയ്ക്കെതിരേ ചൈന രംഗത്തുവന്നു. അതിർത്തിയും സ്വയംഭരണവും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ ആത്മബലത്തെ ആരും വിലകുറച്ച് കാണരുത്. വിട്ടുവീഴ്ചകൾക്ക് ചൈനയിൽ ഇടമില്ലെന്നും വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

ബൈഡന്റെ വാക്കുകളെ സ്വാഗതം ചെയ്യന്നതായി തയ്‌വാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യസുരക്ഷയ്ക്ക് ചൈന ഉയർത്തുന്ന വെല്ലുവിളികൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കയായി മാറിയിട്ടുണ്ടെന്നും പറഞ്ഞു.

കിഴക്കൻ ചൈനക്കടലിലെ ദ്വീപായ തയ്‌വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈന അവകാശപ്പെടുന്നത്. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് ഔദ്യേഗിക പേര്. 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ യു.എസ്. ഇല്ല. ഏക ചൈനാ നയം അംഗീകരിക്കുന്ന യു.എസ്. അനൗദ്യോഗിക നയതന്ത്രബന്ധമാണ് തയ്‌വാനുമായി പുലർത്തുന്നത്.

Content Highlights: US President Joe Biden warns ‘military intervention’

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..