ചൈനയ്ക്ക് ബദൽതേടി യു.എസ്.' ചിപ്പ്‌ നിർമാണത്തിന് 5000 കോടി ഡോളർ


1 min read
Read later
Print
Share

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ | Photo: AP

വാഷിങ്ടൺ: അർധചാലക ചിപ്പ് വ്യവസായത്തിൽ 5000 കോടി ഡോളർ (ഏകദേശം നാലുലക്ഷംകോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി യു.എസ്. മേഖലയിൽ ചൈനയ്ക്കുള്ള മേൽക്കൈ അവസാനിപ്പിക്കാനാണ് ലക്ഷ്യം. കഴിഞ്ഞമാസം 28,000 കോടി ഡോളറിന്റെ ചിപ്പ് ബില്ലിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു.

ലോകത്ത് മുന്തിയ ഇനം ചിപ്പുകളിൽ 25 ശതമാനവും വാങ്ങിക്കൂട്ടുന്നത് യു.എസ്. ആണ്. എന്നാൽ, ഒന്നുപോലും സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനുള്ള ആദ്യപടിയാണ് 5,000 കോടി ഡോളറിന്റെ നിക്ഷേപമെന്ന് വാണിജ്യ സെക്രട്ടറി ജിന റെയ്‌മോണ്ടോ പറഞ്ഞു. ഫെബ്രുവരിയോടെ കമ്പനികളിൽനിന്ന് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങും. അധികം വൈകാതെ തുക വിതരണം ചെയ്യുമെന്നും ജിന റെയ്‌മോണ്ടോ വിശദീകരിച്ചു.

ചിപ്പ്‌ ഫണ്ട് ലഭിക്കുന്ന യു.എസ്. കമ്പനികൾക്ക് ചൈനയിൽ ഫാക്ടറികൾ തുറക്കാൻ വിലക്കുണ്ടാകും. തീരുമാനത്തെ വാഷിങ്ടണിലെ ചൈനീസ് സ്ഥാനപതി എതിർത്തു. അമേരിക്കയ്ക്ക് ശീതയുദ്ധകാല മനോഭാവമാണെന്നാണ് വിമർശനം. ആഗോള അർധചാലക ചിപ്പ് നിർമാണത്തിൽ 10 ശതമാനമാണ് നിലവിൽ യു.എസിന്റെ സംഭാവന. 1990-ൽ ഇത് നാൽപ്പത് ശതമാനമായിരുന്നു.

ഇന്ത്യയുമായി കൈകോർക്കും

വാഷിങ്ടൺ: ഇന്തോ പസഫിക് മേഖലയെ സ്വതന്ത്രവും സുതാര്യവുമാക്കാൻ ഇന്ത്യയുമായി കൈകോർക്കുമെന്ന് യു.എസ്. പ്രതിദിന വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിൻ ഷോൺ പിയെറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിരോധം, വാക്സിൻ, കാലാവസ്ഥ, സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറേ മേഖലകളിൽ ഇന്ത്യയും യു.എസും സഹകരണമുണ്ട്. ജനങ്ങൾക്ക് അവസരവും സുരക്ഷയും സ്വാതന്ത്ര്യവും ആത്മാഭിമാനവും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഓരോ ദിവസവും ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും ഷോൺ പിയെർ പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കിമാറ്റാൻ യു.എസ്. എന്തുചെയ്യുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

Content Highlights: us to invest 5000 crore dollar in semi conductor business

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..