വിൽ സ്മിത്ത് ക്രിസ് റോക്കിനെ മർദ്ദിക്കുന്നു
ലോസ് ആഞ്ജലിസ്: ചരിത്രത്തിൽ രേഖപ്പെടുത്തിയ ‘സംഘട്ടന’രംഗത്തിനാണ് ഇത്തവണ ഓസ്കർവേദി സാക്ഷിയായത്. നടൻ വിൽ സ്മിത്ത്്, തന്റെ ഭാര്യയും ഹോളിവുഡ് നടിയുമായ ജാഡ പിങ്കെറ്റിനെ അവഹേളിച്ച അവതാരകനായ ഹാസ്യതാരം ക്രിസ് റോക്കിനെ വേദിയിൽക്കയറി കരണത്തടിച്ചു.
തലമുടി കൊഴിഞ്ഞുപോകുന്ന അസുഖംബാധിച്ച പിങ്കെറ്റ് തല മൊട്ടയടിച്ചാണ് പുരസ്കാരരാവിനെത്തിയത്. അവരെ അവഹേളിക്കുന്ന തരത്തിലായിരുന്നു ക്രിസിന്റെ പരാമർശം. ഇതുകേട്ട് ക്ഷുഭിതനായ സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസിന്റെ മുഖത്ത് ആഞ്ഞടിച്ചു. തിരിച്ചിറങ്ങിവന്ന് സീറ്റിലിരുന്നശേഷവും സ്മിത്തിന് ക്ഷോഭമടങ്ങിയില്ല. ചിരിച്ചുകൊണ്ടിരുന്ന ക്രിസിനെ നോക്കി ‘‘എന്റെ ഭാര്യയുടെ പേര് നിങ്ങളിനി മിണ്ടരുത്’’എന്ന് ഉറക്കെ പറഞ്ഞു. പിന്നാലെ വേദിയിലെത്തിയ ആന്റണി ഹോപ്കിൻസ് രംഗം തണുപ്പിക്കാൻ ശ്രമിച്ചു. വിവാദസംഭവങ്ങൾക്കുപിന്നാലെ മികച്ച നടനായി വിൽ സ്മിത്തിന്റെ പേര് പ്രഖ്യാപിച്ചു. പുരസ്കാരം സ്വീകരിച്ചുനടത്തിയ പ്രസംഗത്തിൽ സ്മിത്ത് പുരസ്കാരവേദിയോടു മാപ്പുപറഞ്ഞു. ‘‘ചിലപ്പോൾ സ്നേഹം നിങ്ങളെ ഭ്രാന്തനാക്കും’’ -സ്മിത്ത് വികാരാധീനനായി. 30 കൊല്ലത്തെ സിനിമാജീവിതത്തിൽ ആദ്യമായാണ് സ്മിത്തിനെത്തേടി ഓസ്കറെത്തുന്നത്. മുമ്പ് അലി, പെസ്യൂട്ട് ഓഫ് ഹാപ്പിനെസ് സിനിമകളിൽ മികച്ചനടനുള്ള നാമനിർദേശം ലഭിച്ചിരുന്നു. 2017-ൽ ‘മൂൺലൈറ്റി’നു പകരം ‘ലാലാ ലാൻഡ്’ അബദ്ധത്തിൽ മികച്ച സിനിമയായി പ്രഖ്യാപിച്ച സംഭവത്തിനുശേഷം ഓസ്കർ പുരസ്കാരവേദി നാടകീയരംഗത്തിന് സാക്ഷ്യംവഹിക്കുന്ന മറ്റൊരു സംഭവമായി മാറി ഇത്.
Content Highlights: will smith punches chris rock at oscar 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..