Photo: Gettyimages
കീവ്:യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. ഇതിനിടയിൽ യു.എസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പലരും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങൾ ചുമത്തി. പക്ഷേ, എണ്ണയുടെ കാര്യത്തിൽ ഈ അനിശ്ചിതാവസ്ഥകൾപോലും റഷ്യക്ക് ഗുണമായെന്നാണ് കണക്കുകൾ. കഴിഞ്ഞ രണ്ടുമാസത്തിനിടെ റഷ്യ കയറ്റുമതിചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ കുറവുണ്ടായെങ്കിലും അതുവഴിയുള്ള അവരുടെ വരുമാനം ഇരട്ടിയാവുകയാണ് ചെയ്തത്.
കഴിഞ്ഞ രണ്ടുമാസംകൊണ്ട് എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയുടെ വിൽപ്പനയിലൂടെ 6200 കോടി യൂറോയാണ് റഷ്യക്ക് ലഭിച്ചത്. ഇതിൽ 4400 കോടി യൂറോയുടെ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങളായിരുന്നു. കഴിഞ്ഞകൊല്ലം ഒരുമാസത്തെ ശരാശരി വരുമാനം 1200 കോടി യൂറോ ആയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടുമാസത്തെ ശരാശരി 2200 കോടി യൂറോയാണ്. ചരക്കുനീക്കങ്ങളെ വിശകലനംചെയ്യുന്ന സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റേതാണ് കണക്കുകൾ. ജർമനിയാണ് റഷ്യയുടെ ഏറ്റവുംവലിയ വിപണി.
വിരട്ടാൻ നോക്കേണ്ടെന്ന് ബൈഡൻ
വാഷിങ്ടൺ: ഇന്ധനം നൽകില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ റഷ്യയെ അനുവദിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ റൂബിളിൽ ഇടപാട് നടത്താത്തതുകൊണ്ട് പോളണ്ടിനും ബൾഗേറിയയ്ക്കും ഇന്ധനം നൽകേണ്ടെന്ന് റഷ്യൻ വാതക ഉത്പാദക കമ്പനിയായ ഗ്യാസ്‌പ്രോം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ‘‘ഞങ്ങളുടെ രണ്ട് സഖ്യരാജ്യങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് റഷ്യ പറയുന്നു. ഒരുകാര്യം വ്യക്തമാക്കട്ടെ, യുക്രൈനിൽ നടത്തുന്ന അതിക്രമത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് എണ്ണയുടെ പേരുപറഞ്ഞ് രക്ഷപ്പെടാൻ റഷ്യയെ അനുവദിക്കുകയില്ല’’ - ബൈഡൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..