ശ്രീലങ്കയിലെ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി ഗ്രൂപ്പിന്


കൊളംബോ: ശ്രീലങ്കയിലെ രണ്ട് കാറ്റാടി വൈദ്യുതപദ്ധതികൾ അദാനി ഗ്രൂപ്പിന്. മാന്നാറിൽ 286 മെഗാവാട്ടിന്റെയും പൂനേരിയിൽ 234 മെഗാവാട്ടിന്റെയും പദ്ധതികളാണ് അദാനി ഗ്രീൻ എനർജിക്ക് അനുവദിച്ചത്. വടക്കൻ പ്രവിശ്യയിലെ ഈ പദ്ധതികൾ 50 കോടിയിലധികം യു.എസ്. ഡോളർ നിക്ഷേപമുള്ളവയാണെന്ന് താത്‌കാലിക അനുമതി നൽകിക്കൊണ്ട് ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജശേഖര അറിയിച്ചു.

പാരമ്പര്യേതര ഊർജപദ്ധതികളുമായി ബന്ധപ്പെട്ട് സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ്, സുസ്ഥിരവികസന വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വിജശേഖര ട്വിറ്ററിൽ അറിയിച്ചു. കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിക്ക് ഇപ്പോഴാണ് വൈദ്യുതപദ്ധതിക്ക് അനുമതി നൽകുന്നത്. കൊളംബോ തുറമുഖത്തെ തന്ത്രപ്രധാന കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാനും നടത്തിപ്പിനും അദാനി ഗ്രൂപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീലങ്കയുമായി കരാർ ഒപ്പുവെച്ചിരുന്നു.

അദാനി ഗ്രൂപ്പിന് ഒരു ഊർജപദ്ധതി അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയെ സമ്മർദത്തിലാക്കുന്നതായി ശ്രീലങ്കൻ പാർലമെന്ററി പാനലിനുമുന്നിൽ സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് (സി.ഇ.ബി.) ചെയർമാൻ എം.എം.സി. ഫെർഡിനാൻഡോ ജൂണിൽ ആരോപിച്ചിരുന്നു. പ്രസിഡന്റ് ഗോതാബയ തന്നോട് ഇക്കാര്യം നേരിട്ട് പറഞ്ഞെന്നായിരുന്നു ചെയർമാൻ പറഞ്ഞത്. ഇത് പ്രാദേശികമാധ്യമങ്ങളിൽ വലിയവാർത്തയായി. എന്നാൽ, ആരോപണം ഗോതാബയ നിഷേധിച്ചു. വിവാദം കനത്തത്തോടെ പ്രസ്താവന പിൻവലിച്ച ഫെർഡിനാൻഡോ ഔദ്യോഗികസ്ഥാനം രാജിവെക്കുകയും ചെയ്തു.

ഊർജപദ്ധതികൾക്കുള്ള കരാർ മത്സരാധിഷ്ഠിത ലേലത്തിലൂടെ വേണമെന്ന് ശ്രീലങ്ക ഏതാനുംമാസം മുമ്പാണ് തീമുമാനിച്ചത്. തുടർന്ന്, അദാനിഗ്രൂപ്പിനെ സഹായിക്കാനാണ് സർക്കാർ ഈ മാറ്റം വരുത്തിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുകയുമുണ്ടായി.

ശ്രീലങ്കയിൽ രണ്ട് കാറ്റാടി വൈദ്യുത പ്രോജക്ടുകൾക്ക് താത്‌കാലിക അനുമതി ലഭിച്ചതായി അദാനി ഗ്രീൻ എനർജി സ്ഥിരീകരിച്ചു. കമ്പനി എപ്പോഴും പുതിയ ബിസിനസ് സാധ്യതകൾ തേടുന്നുണ്ട്. എന്നാൽ, ശ്രീലങ്കയിലെ പദ്ധതികൾക്ക് കരാർ ഒപ്പിട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..