സാഹിത്യ നൊബേൽ ഇന്ന്: റുഷ്ദി വാതുവെപ്പുകാരുടെ പ്രിയങ്കരൻ


ലണ്ടൻ: സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, മുംബൈയിൽ ജനിച്ച ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കാണ് വാതുവെപ്പുകാർ സാധ്യത കല്പിക്കുന്നത്. സാധ്യത യാഥാർഥ്യമായാൽ രവീന്ദ്രനാഥ ടാഗോറിനുശേഷം സാഹിത്യ നൊബേൽ ലഭിക്കുന്ന ഇന്ത്യക്കാരനാകും റുഷ്ദി. 1913-ൽ ‘ഗീതാഞ്ജലി’ക്കാണ് ടാഗോറിന് ഈ ബഹുമതി ലഭിച്ചത്.

‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ (പാതിരാത്രിയുടെ കുഞ്ഞുങ്ങൾ), ‘സേറ്റാനിക് വേഴ്സസ്’ (സാത്താന്റെ വചനങ്ങൾ) തുടങ്ങിയവയുടെ രചയിതാവായ റുഷ്ദി, ഓഗസ്റ്റ് 12-ന് അമേരിക്കയിൽ സാഹിത്യച്ചടങ്ങിനിടെയുണ്ടായ വധശ്രമത്തെത്തുടർന്ന് ചികിത്സയിലാണ്. ‘സാത്താന്റെ വചനങ്ങളി’ൽ പ്രവാചകനിന്ദയാരോപിച്ച് ഇറാനിലെ പരമോന്നതനേതാവായിരുന്ന അയത്തൊള്ള ഖൊമേനി റുഷ്ദിയെ വധിക്കാൻ 33 വർഷംമുമ്പ് ഫത്‌വയിറക്കിയിരുന്നു.മിഷേൽ വെൽബേക്കി, ആനി എർണോ (ഫ്രാൻസ്), ആൻ കാഴ്സൺ, മാർഗരറ്റ് ആറ്റ്‌വുഡ് (കാനഡ), ഹാരുകി മുറകാമി (ജപ്പാൻ), സ്റ്റീഫൻ കിങ് (യു.എസ്.) എന്നിവരാണ് റുഷ്ദി കഴിഞ്ഞാൽ വാതുവെപ്പുകാരുടെ സാധ്യതപ്പട്ടികയിലുള്ളവർ.

സമാധാന നൊബേൽ: ഓൾട്ട്ന്യൂസ് സ്ഥാപകർ പട്ടികയിൽ

ന്യൂയോർക്ക്: ഇന്ത്യയിലെ വസ്തുതാന്വേഷണ വെബ്സൈറ്റായ ഓൾട്ട്ന്യൂസിന്റെ സ്ഥാപകർ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഇക്കൊല്ലത്തെ സമാധാന നൊബേൽ ലഭിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ. അമേരിക്കൻ മാധ്യമമായ ‘ടൈമാ’ണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

2017-ലാണ് സുബൈറും സിൻഹയും ഓൾട്ട്ന്യൂസ് തുടങ്ങിയത്. വാർത്തകളിലെയും രാഷ്ട്രീയനേതാക്കളുടെ പ്രസംഗങ്ങളിലെയും സാമൂഹികമാധ്യമങ്ങളിലെയും മുഖ്യധാരാമാധ്യമങ്ങളിലെയും നെല്ലും പതിരും വേർതിരിച്ച് യഥാർഥവസ്തുതയറിയിക്കുക എന്നതാണ് സൈറ്റിന്റെ ലക്ഷ്യം.

2018-ലെ ട്വീറ്റിന്റെ പേരിൽ ഇക്കൊല്ലം ജൂണിൽ ഡൽഹി പോലീസ് സുബൈറിനെ അറസ്റ്റുചെയ്തിരുന്നു. രണ്ടുസമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന ട്വീറ്റാണെന്നു പറഞ്ഞായിരുന്നു നാലുവർഷത്തിനുശേഷമുള്ള അറസ്റ്റ്. ഒരുമാസം തിഹാർ ജയിലിൽ കിടന്ന സുബൈറിന് സുപ്രീംകോടതി ജാമ്യം നൽകി.

വ്യക്തികളും സംഘടനകളുമായി 343 പേരാണ് ഇത്തവണ സമാധാന നൊബേലിൻറെ പട്ടികയിലുള്ളത്. ബെലാറൂസിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരി സ്വിയറ്റ്‌ലാന സിഖനൗസ്കായ, ഇംഗ്ലീഷ് പ്രക്ഷേപകനും പരിസ്ഥിതിവാദിയുമായ ഡേവിഡ് ആറ്റൻബറോ, പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ് ത്യുൻബെ, ഫ്രാൻസിസ് മാർപാപ്പ, മ്യാൻമാറിലെ ഐക്യസർക്കാർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..