വാഷിങ്ടൺ: സ്വവർഗവിവാഹത്തിനും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിനും സംരക്ഷണംനൽകുന്ന കരട് നിയമത്തിന് യു.എസ്. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം. നൂറംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ടുചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 12 പേർ ബില്ലിനെ പിന്തുണച്ചു.
റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് (വിവാഹ ബഹുമാന നിയമം) എന്നാണ് പുതിയ നിയമം അറിയപ്പെടുക. അന്തിമ തീരുമാനമെടുക്കാനായി ബിൽ ജനപ്രതിനിധി സഭയിലേക്ക് തിരിച്ചയയ്ക്കും. ശേഷം പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ജനുവരി ആദ്യം പുതിയ കോൺഗ്രസ് അധികാരത്തിൽ വരും. ഇതോടെ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകും. അതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് അവരുടെ ശ്രമം. നേരത്തേ ജനപ്രതിനിധിസഭയിൽ ബിൽ അവതരിച്ചപ്പോൾ 47 റിപ്പബ്ലിക്കന്മാർ അപ്രതീക്ഷിതമായി പിന്തുണച്ചിരുന്നു.
എല്ലാ സംസ്ഥാനങ്ങളും സ്വവർഗവിവാഹം നിയമപരമാക്കണമെന്ന് റെസ്പെക്ട് ഫോർ മാര്യേജ് ആക്ടിൽ വ്യവസ്ഥയില്ല. എന്നാൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിൽ വിവാഹിതരാകുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലും നിയമപരമായ സംരക്ഷണം ഉറപ്പാക്കണം.
ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയാൽ താൻ അതിൽ അഭിമാനത്തോടെ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് സന്തോഷത്തോടെ ജീവിക്കാനും കുടുംബംകെട്ടിപ്പടുക്കാനും ആത്മവിശ്വാസം നൽകുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..