മാസെ: ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ (സ്വാതന്ത്ര്യം അർധരാത്രിയിൽ), ‘സിറ്റി ഓഫ് ജോയ് (ആനന്ദനഗരം) എന്നീ വിഖ്യാത കൃതികൾ രചിച്ച ഫ്രഞ്ച് സാഹിത്യകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. ഭാര്യ ഡൊമിനിക് കൊഷോൺ ലാപിയറാണ് ഞായറാഴ്ച മരണവിവരമറിയിച്ചത്. 2008-ൽ ലാപിയർക്ക് ഇന്ത്യ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
1931 ജൂലായ് 30-ന് ഫ്രാൻസിലെ ഷതെലൈയോയിലാണ് ലാപിയർ ജനിച്ചത്. അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസുമായിച്ചേർന്നായിരുന്നു പല പുസ്തകങ്ങളുടെയും രചന. രണ്ടുപേരും ചേർന്നെഴുതിയ ആറു പുസ്തകങ്ങളുടെ അഞ്ചുകോടിയോളം പതിപ്പുകളാണ് വിറ്റഴിഞ്ഞത്. 1965-ൽ പ്രസിദ്ധീകരിച്ച ‘ഇസ് പാരീസ് ബേണിങ്?’ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനി പാരീസിന്റെ നിയന്ത്രണം അടിയറവെച്ചതിലേക്കു നയിച്ച സംഭവങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യം.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലംമുതൽ സ്വാതന്ത്ര്യവും വിഭജനവും മഹാത്മാഗാന്ധിയുടെ അന്ത്യവും വരെ പ്രതിപാദിക്കുന്നതാണ് കോളിൻസുമായി ചേർന്ന് ലാപിയർ എഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. 1975-ൽ ഇതു പുറത്തിറങ്ങി. 1984-ലെ ഭോപാൽ വാതകദുരന്തവും ‘ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ’ എന്ന പേരിൽ ഇരുവരും പുസ്തകമാക്കി.
കൊൽക്കത്തയിലെ റിക്ഷാക്കാരന്റെ ജീവിതദുരിതങ്ങൾ പ്രമേയമാക്കി ലാപിയർ 1985-ൽ പ്രസിദ്ധീകരിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലും ഏറെ ശ്രദ്ധനേടി. ‘സിറ്റ് ഓഫ് ജോയ്’യും ‘ഇസ് പാരീസ് ബേണിങ്ങും’ ചലച്ചിത്രങ്ങളായി.
‘ഓ ജറുസലേം’, ‘ഓർ ഐ ഷാൽ ഡ്രെസ് യു ഇൻ മോണിങ്’, ‘ദ ഫിഫ്ത് ഹോഴ്സ്മാൻ’, ‘ഇസ് ന്യൂയോർക്ക് ബേണിങ്’ എന്നിവയാണ് കോളിൻസുമായിച്ചേർന്നെഴുതിയ മറ്റു കൃതികൾ.
1950-കളിൽ ഫ്രാൻസിൽ മാധ്യമപ്രവർത്തകനായിരുന്ന ലാപിയറിന് ഫ്രഞ്ച് രഹസ്യാന്വേഷണ ഏൻസികളിലും കോളിൻസിന് സി.ഐ.എ.യിലും ഉണ്ടായിരുന്ന ബന്ധങ്ങൾ ഇരുവരുടെയും ഒന്നിച്ചുള്ളരചനയ്ക്കു സഹായകമായി. കോളിൻസ് 2005-ൽ അന്തരിച്ചു. രണ്ടുപേരും ഏറെക്കാലം ഫ്രാൻസിലെ സാന്ത് ട്രോപ്പെയിൽ അയൽവാസികളായിരുന്നു.
ബംഗാളി ഭാഷ അനായാസം കൈകാര്യംചെയ്യുമായിരുന്നു ലാപിയർ ‘സിറ്റ് ഓഫ് ജോയ്’യിൽനിന്നു ലഭിച്ച പണത്തിൽ വലിയൊരു പങ്കും ഇന്ത്യയിലെ ജീവകാരുണ്യപ്രസ്ഥാനങ്ങൾക്കു നൽകി. 1980-കളിൽ കൊൽക്കത്തയിലെത്തി മദർതെരേസയെ കണ്ട അദ്ദേഹം 50,000 ഡോളർ അവർക്കു കൈമാറി. 24 വർഷംകൊണ്ട് പത്തുലക്ഷം ക്ഷയരോഗബാധിതരെ സുഖപ്പെടുത്താനും കുഷ്ഠരോഗികളായ 9,000 കുട്ടികളെ പരിചരിക്കാനും തന്റെയും വായനക്കാരുടെയും സംഭാവനകൊണ്ടു കഴിഞ്ഞെന്ന് 2005-ൽ അദ്ദേഹം പറയുകയുണ്ടായി.
“ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവായതുകൊണ്ട് എല്ലാമായില്ല. നിങ്ങളുടെ പുസ്തകത്തിൽ എഴുതിവെച്ച അനീതികളോടു പോരാടുകയും വേണ”മെന്നായിരുന്നു ലാപിയറുടെ നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..