ന്യൂയോർക്ക്: മൂന്നുപതിറ്റാണ്ടു നീണ്ട ആസൂത്രണങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ലോകത്തിലെ ഏറ്റുംവലിയ റേഡിയോ ദൂരർശിനിയായ സ്ക്വയർ കിലോമീറ്റർ അറേയുടെ (എസ്.കെ.എ.) നിർമാണം തുടങ്ങി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി സ്ഥാപിക്കുന്ന ലക്ഷക്കണക്കിന് ആന്റിനകൾ ചേർന്നതാണ് ഈ മഹാദൂരദർശനി. 12 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പദ്ധതിയുടെ നിർമാണപങ്കാളിയാണ്.
ബഹിരാകാശവസ്തുക്കൾ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങൾ പിടിച്ചെടുക്കുകയാണ് ദൂരദർശനിയുടെ ദൗത്യം. ഈ തരംഗങ്ങളുടെ നിരീക്ഷണം ആകാശഗംഗകൾ എങ്ങനെ രൂപപ്പെടുന്നു, ഇരുണ്ട ദ്രവ്യത്തിന്റെ സ്വഭാവമെന്ത് തുടങ്ങിയ പല ജ്യോതിശാസ്ത്ര നിഗൂഢതകളിലേക്കും വെളിച്ചംവീശുമെന്നാണ് കരുതുന്നത്.
ഘട്ടങ്ങളായാണ് ദൂരദർശിനിയുടെ നിർമാണം. ആദ്യഘട്ടം 2028-ഓടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 140 കോടി ഡോളറാണ് (11,448 കോടി രൂപ) ആദ്യഘട്ടത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.
ഓസ്ട്രേലിയയിൽ പണിതുടങ്ങിയ എസ്.കെ.എ.-ലോ ദൂരദർശനിയിൽ ക്രിസ്മസ് ട്രീ ആകൃതിയിലുള്ള 1,31,072 ആന്റിനകളുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ പണിയുന്ന എസ്.കെ.എ.-മിഡ് ദൂരദർശനിയിൽ 197 ആന്റിനകളുമുണ്ടാകും.
ബ്രിട്ടനിലാണ് എസ്.കെ.എ. നിരീക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം. ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ന്യൂസീലൻഡ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, െനതർലൻഡ്സ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..