സിഡ്നി: അഞ്ചുഡോളർ നോട്ടിൽനിന്ന് ബ്രിട്ടനിലെ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കം ചെയ്യുന്നതായി ഒാസ്ട്രേലിയ. പകരം ഇപ്പോഴത്തെ രാജാവായ ചാൾസ് മൂന്നാമന്റെ ചിത്രം നോട്ടുകളിൽ അച്ചടിക്കില്ല.
നോട്ടിൽ ബ്രിട്ടീഷ് രാജചിഹ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തദ്ദേശീയസംസ്കാരത്തെ ആദരിക്കുന്നവിധമുള്ള ചിത്രത്തോടെ പുതിയ അഞ്ചുഡോളറിന്റെ നോട്ട് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു. ചാള്‍സ് രാജാവിന്റെ ചിത്രം നാണയങ്ങളിൽ തുടരാനാണ് സാധ്യത.
ഒാസ്ട്രേലിയയിലെ ചരിത്രത്തെയും സംസ്കാരത്തെയും ഉയർത്തിക്കാട്ടുന്ന ഡോളർ നോട്ടിന്റെ രൂപകല്പനയെപ്പറ്റി രാജ്യത്തെ ജനങ്ങളുടെ അഭിപ്രായം ആരായും. രാജഭരണത്തിൽനിന്ന് പൂർണമായും ഒാസ്ട്രേലിയ സ്വതന്ത്രമാകണമെന്നാഗ്രഹിക്കുന്ന പ്രധാനമന്ത്രി ആന്റണി അൽബാനീസും ഇവിടുത്തെ സർക്കാരും പുതിയ തീരുമാനത്തെ പിന്തുണച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു.
പുതിയ നോട്ട് അച്ചടിച്ച് ജനങ്ങളിലെത്താൻ ഇനിയും വർഷങ്ങളെടുക്കും. പുതിയനോട്ട് വിനിമയത്തിലുണ്ടെങ്കിലും പഴയനോട്ടിന് മൂല്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നോട്ടിന്റെ പിൻഭാഗത്ത് ഒാസ്ട്രേലിയൻ പാർലമെന്റുതന്നെയാവും ഉണ്ടാവുക.
ബ്രിട്ടീഷ് രാജാവുതന്നെയാണ് ഇപ്പോഴും ഒാസ്ട്രേലിയയുടെ രാഷ്ട്രത്തലവൻ. എന്നാല്‍, രാജഭരണത്തിന്റെ ശേഷിപ്പുകൾ തുടരുന്നതിൽ അപ്രിയമുണ്ട്. പുതിയ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ഒാസ്ട്രേലിയയിലെ റിപ്പബ്ലിക്കൻ പ്രസ്ഥാനം രംഗത്തുവന്നു.
ജന്മാവകാശമായി ലഭിക്കുന്ന അധികാരത്തിന്റെപേരിൽ ഒരാൾ രാജ്യത്തെ കറൻസിയിൽ സ്ഥാനംപിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പബ്ലിക് മൂവ്‌മെന്റ് നേതാവ് ക്രെയ്ഗ് ഫോസ്റ്റർ പറഞ്ഞു. കറൻസിയിൽ പ്രത്യക്ഷപ്പെടാൻ ഒാസ്ട്രേലിയൻ ജനങ്ങളും അർഹരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..