തുർക്കി-സിറിയ ഭൂകമ്പം: മരണം 5,000 കടന്നു


1 min read
Read later
Print
Share

മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന

തുർക്കിയിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ തിരച്ചിൽ നടത്തുന്നയാൾ | Photo: AP

അങ്കാറ: തുർക്കി-സിറിയ അതിർത്തിയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിൽ 3,500-ലേറെപ്പേർ മരിച്ചു. 20,534 പേർക്ക് പരിക്കേറ്റു. സിറിയയിൽ 1,600-ലേറെപ്പേർ മരിച്ചു. 3,600 പേർക്ക് പരിക്കുണ്ട്. തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

മഞ്ഞും മഴയും മഞ്ഞുകാറ്റും ചൊവ്വാഴ്ചത്തെ രക്ഷാ, ദുരിതാശ്വാസപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഗാസിയന്റെപ്പിൽ വീടു നഷ്ടമായവർ കൊടുംമഞ്ഞിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് അന്തിയുറങ്ങിയത്. 20 ലക്ഷം പേരാണ് ഇവിടെ പാർക്കുന്നത്.

ഒട്ടേറെ രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളും രക്ഷാ-ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഭൂകമ്പബാധിത മേഖലകളിൽ അവയെത്തിക്കാൻ കഴിയാത്തവിധം പ്രതികൂലമാണ് കാലാവസ്ഥ. ഇവിടങ്ങളിലേക്കുള്ള പ്രധാന റോഡുകൾ മഞ്ഞുമൂടിക്കിടക്കുകയാണ്. കനത്ത മഞ്ഞുകാറ്റും വീശുന്നുണ്ട്. ഇതേ കാരണങ്ങളാൽ മൂന്ന്‌ പ്രധാന വിമാനത്താവളങ്ങളും പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണ്.

ഭൂകമ്പം നാശംവിതച്ച വടക്കൻ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരും വിമതരും തമ്മിൽ നടക്കുന്ന ആഭ്യന്തരയുദ്ധം അടിയന്തര സഹായമെത്തിക്കുന്നതിനേയും ബാധിക്കുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ അതിർത്തി തുറക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ സിറിയൻ പ്രതിനിധി ബാസം സബാഗ് പറഞ്ഞു.

തുർക്കിയിൽ ഭൂകമ്പമുണ്ടായ 10 പ്രവിശ്യകളിലും പ്രസിഡന്റ് രജബ്‌ തയ്യിപ് ഉർദുഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിറിയയിൽ ഭൂകമ്പബാധിത പ്രദേശത്തെ സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..