അസസ്: തിങ്കളാഴ്ചത്തെ ഭൂകമ്പത്തിനുപിന്നാലെ വടക്കുപടിഞ്ഞാറൻ സിറിയയിലെ രാജോയ്ക്കടുത്തുള്ള ജയിലിൽ തടവുകാർ കലാപമുണ്ടാക്കി. 20 തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുമുണ്ട്.
ഈ ജയിലിലെ 2000 തടവുകാരിൽ 1300 പേരും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ്. സിറിയയിൽ പോരാടുന്ന കുർദുകളുടെ സംഘത്തിലുള്ളവരും ഇവിടെയുണ്ട്.
തുർക്കി തുറമുഖത്ത് തീ
അഡാന: തുർക്കിയിൽ ഭൂകമ്പമുണ്ടായ മെഡിറ്ററേനിയൻ തീരനഗരമായ ഇസ്‌കെന്ദെരൗണിലെ തുറമുഖത്ത് ചൊവ്വാഴ്ച തീപ്പിടിത്തമുണ്ടായി. ഭൂകമ്പത്തിൽ തുറമുഖത്തെ കണ്ടെയ്നറുകൾ മറിഞ്ഞുവീണതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് റിപ്പോർട്ട്. തീയണയ്ക്കാനുള്ള ശ്രമത്തിലാണ് തീരരക്ഷാസേന.
അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ജീവനോടെ അറ്റ്സു
അക്ര: തുർക്കിയിലെ ഭൂകമ്പ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഹതായിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഘാനയുടെ ദേശീയ ഫുട്ബോൾതാരം ക്രിസ്റ്റ്യൻ അറ്റ്സുവിന് പുതുജീവൻ. അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തതായി തുർക്കിയിലെ ഘാന സ്ഥാനപതി അറിയിച്ചു. അറ്റ്സുവിന്റെ പരിക്കിന്റെ ഗൗരവം വ്യക്തമല്ല.
ന്യൂകാസിലിന്റെ മുൻ മിഡ്ഫീൽഡർകൂടിയായ അറ്റ്സു (31) കഴിഞ്ഞവർഷം സെപ്റ്റംബറിൽ ടർക്കിഷ് സൂപ്പർ ലീഗിൽ ചേർന്നിരുന്നു. ഹതായസ്പോറിന്റെ താരമായിരുന്നു അദ്ദേഹം.
ഹൂഗർബീറ്റ്സ് പ്രവചിച്ച ഭൂകമ്പം
ആംസ്റ്റർഡാം: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് മൂന്നുദിവസംമുമ്പ് പ്രവചിച്ച് ഡച്ച് ഗവേഷകൻ. നെതർലൻഡ്സിലെ സോളാർ സിസ്റ്റം ജ്യോമെട്രി സർവേയിലെ (എസ്.എസ്.ജിയോസ്) ഗവേഷകൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ് ട്വിറ്ററിലൂടെയാണ് പ്രവചനം നടത്തിയത്. ‘തെക്കൻ-മധ്യ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ മേഖലകളിൽ വൈകാതെ 7.5 തീവ്രതയുള്ള ഭൂകമ്പമുണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ആകാശഗോളങ്ങളും ഭൂകമ്പവുമായി ബന്ധമുണ്ടോ എന്നു നിരീക്ഷിക്കുന്ന സ്ഥാപനമാണ് എസ്.എസ്. ജിയോസ്. ഫെബ്രുവരി നാലുമുതൽ ആറുവരെ വലിയൊരു ഭൂകമ്പമുണ്ടായേക്കുമെന്ന് എസ്.എസ്. ജിയോസിന്റെ പ്രവചനവുമുണ്ടായിരുന്നു.
ഭൂകമ്പമുണ്ടായതിനുപിന്നാലെ തന്റെ പ്രവചനം ഓർമപ്പെടുത്തി ഹൂഗർബീറ്റ്സിന്റെ ട്വീറ്റുമെത്തി. എന്നാൽ, ഗ്രഹങ്ങളുടെ ജ്യാമിതിനോക്കി ഭൂകമ്പം പ്രവചിക്കാമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നു പറയുന്നവർ അദ്ദേഹത്തെ എതിർത്തും രംഗത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..