ഇമ്രാനെ അറസ്റ്റുചെയ്യാതെ സുരക്ഷാസേന മടങ്ങി;അക്രമങ്ങളിൽ 60 പേർക്ക് പരിക്ക്


ഇമ്രാൻ ഖാൻ | Photo : AFP

ലഹോർ: തോഷഖാനക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റുചെയ്യാൻ സർവസന്നാഹവുമൊരുക്കി ലഹോറിലെത്തിയ ഇസ്‌ലാമാബാദ് പോലീസും അർധസൈന്യമായ പാകിസ്താൻ റേഞ്ചേഴ്സും ബുധനാഴ്ച വെറുംകൈയോടെ മടങ്ങി. ഇമ്രാന്റെ പാർട്ടിയായ പി.ടി.ഐ. ഉയർത്തിയ പ്രതിരോധത്തിനുമുന്നിൽ അറസ്റ്റ് നീക്കം പാളുകയായിരുന്നു. വിദേശതാരങ്ങൾ പങ്കെടുക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ.) ക്രിക്കറ്റ് മത്സരങ്ങൾ കഴിയാതെ ഇമ്രാനെ പോലീസ് അറസ്റ്റു ചെയ്യില്ലെന്ന് ‘ജിയോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് പി.എസ്.എൽ. അവസാനിക്കുക.

അതിനിടെ, ലഹോറിലെ സമൻ പാർക്കിലുള്ള ഇമ്രാന്റെ വീടിനു പുറത്തുള്ള പോലീസ് നടപടി വ്യാഴാഴ്ചവരെ നിർത്തിവെക്കാൻ ലഹോർ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു. ഇമ്രാനെ അറസ്റ്റുചെയ്യാൻ ചൊവ്വാഴ്ചയാണ് ഇസ്‌ലാമാബാദ്, പഞ്ചാബ് പോലീസ് എത്തിയത്. അറസ്റ്റു തടയുക എന്ന ഉദ്ദേശ്യത്തോടെ ഇമ്രാന്റെ വീടിനുമുമ്പിലുള്ള റോഡിൽ തമ്പടിച്ച പി.ടി.ഐ. പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. രണ്ടുദിവസമായി നടന്ന സംഘർഷത്തിൽ 54 പോലീസുകാരുൾപ്പെടെ 60 പേർക്കു പരിക്കേറ്റു. ഇതേത്തുടർന്ന് ബുധനാഴ്ച സർക്കാർ ഇവിടെ പാക് റേഞ്ചേഴ്സിനെ വിന്യസിച്ചിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിൽനിന്ന് തുച്ഛവിലയ്ക്കെടുത്ത് സ്വന്തം നിലയ്ക്കുവിറ്റ് വൻ ലാഭമുണ്ടാക്കിയെന്നതാണ് ഇമ്രാൻറെ പേരിലുള്ള കേസ്. ഈ കേസിൽ ഇസ്‌ലാമാബാദ് കോടതിയിൽ ഹാജരാകാനുള്ള നിർദേശം പലതവണ അവഗണിച്ചതിനാലാണ് അഡീഷണൽ സെഷൻസ് ജഡ്‌ജി സഫർ ഇക്ബാൽ ഇമ്രാൻറെപേരിൽ തിങ്കളാഴ്ച അറസ്റ്റ് വാറന്റിറക്കിയത്. ഇമ്രാനെ അറസ്റ്റുചെയ്ത് ശനിയാഴ്ചയ്ക്കുമുമ്പ് കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഇതിനെതിരേ ഇമ്രാൻ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഇസ്‌ലാമാബാദ് ഹൈക്കോടതി ബുധനാഴ്ച മാറ്റിവെച്ചു.

തട്ടിക്കൊണ്ടുപോയി കൊല്ലുക ലക്ഷ്യം -ഇമ്രാൻ

ബുധനാഴ്ച വീട്ടിലിരുന്ന് ഇമ്രാൻഖാൻ രാജ്യത്തെ അഭിസംബോധന ചെയ്തു. തന്നെ അറസ്റ്റുചെയ്യാനുള്ള നാടകം അവസാനിപ്പിക്കാൻ അദ്ദേഹം പട്ടാളത്തോടു പറഞ്ഞു. ജയിലിലേക്കു പോകാൻ തയ്യാറായിരുന്നതാണെന്നും എന്നാൽ, കീഴടങ്ങാൻ പാർട്ടിപ്രവർത്തകർ അനുവദിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു. അറസ്റ്റ് വെറും നാടകമാണെന്നും തന്നെ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു യഥാർഥ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇമ്രാന്റെ പ്രസംഗം ടി.വി. ചാനലുകൾ സംപ്രേഷണം ചെയ്തില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..