പാരീസ്: കരിങ്കടലിനുമുകളിൽ പറക്കുകയായിരുന്ന യു.എസിന്റെ എം.ക്യു.-9 റീപ്പർ ഡ്രോൺ റഷ്യൻ യുദ്ധവിമാനമിടിച്ചതിനെത്തുടർന്ന് കടലിൽ വീണു. ഇടിക്കുംമുമ്പ് യുദ്ധവിമാനങ്ങളിൽനിന്നുള്ള ഇന്ധനം ഡ്രോണിനുമേലേക്ക് ഒഴുക്കിയെന്ന് യു.എസ്. ആരോപിച്ചു. റഷ്യയുടേത് അതിസാഹസമാണെന്ന് യു.എസ്. പറഞ്ഞു. സംഭവത്തിൻറെ പേരിൽ യു.എസ്. വിദേശകാര്യവകുപ്പ് റഷ്യൻസ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആരോപണം റഷ്യ നിഷേധിച്ചു.
അന്താരാഷ്ട്ര സമുദ്രത്തിനുമുകളിലൂടെ പതിവു നിരീക്ഷണപ്പറക്കൽ നടത്തിയ ഡ്രോണിന്റെ പാതയിലാണ് റഷ്യയുടെ രണ്ട് സുഖോയ്-27 വിമാനങ്ങൾ തടസ്സംതീർക്കുകയും ഇടിക്കുകയും ചെയ്തതെന്ന് യു.എസിന്റെ യൂറോപ്യൻ കമാൻഡ് പറഞ്ഞു. ഇതുമൂലമാണ് ഡ്രോൺ കടലിൽവീണതെന്ന ആരോപണം റഷ്യ നിഷേധിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടാണ് ഡ്രോൺ കടലിൽവീണതെന്നും യുദ്ധവിമാനങ്ങൾ ഇടിച്ചിട്ടില്ലെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു.
നിരീക്ഷണത്തിനും ആക്രമണത്തിനും യു.എസ്. ഉപയോഗിക്കുന്ന ഡ്രോണാണ് എം.ക്യു.-9 റീപ്പർ. റഷ്യൻ നാവികസേനയെ നിരീക്ഷിക്കാൻ ഇത് കരിങ്കടലിനുമുകളിലൂടെയും പറക്കാറുണ്ട്.
ഇപ്പോഴത്തെ സംഭവത്തിന്റെ പേരിൽ റഷ്യയും യു.എസിന്റെ നേതൃത്വത്തിലുള്ള നാറ്റോസഖ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. നയതന്ത്രവഴിയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..