ഗാർസേറ്റിയുടെ നിയമനം സ്വാഗതംചെയ്‌ത്‌ ഇന്ത്യൻസമൂഹം


വെൽക്കം ടു ഇന്ത്യ

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അടുത്തയാളായ എറിക് ഗാർസേറ്റിയെ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി നിയമിച്ചത് സ്വാഗതംചെയ്ത് ഇന്ത്യൻസമൂഹം. ബൈഡനുമായുള്ള അടുപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗാർസേറ്റിയുടെ നിയമനത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും സ്വാഗതംചെയ്തു. അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു

യു.എസ്. സെനറ്റിൽ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 42-നെതിരേ 52 വോട്ടുകൾക്കാണ് ഗാർസേറ്റിയെ സ്ഥാനപതിയായി അംഗീകരിച്ചത്. ലോസ് ആഞ്ജലിസ് മുൻമേയറായ ഗാർസേറ്റിയെ 2021-ലാണ് ഈ പദവിയിലേക്ക് ബൈഡൻ നാമനിർദേശം ചെയ്യുന്നത്. ആവശ്യമായ പിന്തുണ ലഭിക്കുമോയെന്ന സംശയം നടപടിക്രമങ്ങൾ വൈകിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഈവർഷത്തെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളുന്ന സാഹചര്യത്തിൽ മുഴുവൻസമയ അംബാസഡറുടെ നിയമനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നയതന്ത്രജ്ഞൻ എന്നനിലയ്ക്ക് ഗാർസേറ്റിയുടെ നിയമനത്തിൽ തങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് യു.എസിലെ ഇന്ത്യൻസമൂഹത്തിനുവേണ്ടി ചെയർമാൻ എം.ആർ. രംഗസ്വാമി അഭിനന്ദനസന്ദേശത്തിൽ അറിയിച്ചു.

മേയർ ഗാർസേറ്റി

കഴിഞ്ഞ 100 വർഷത്തെ യു.എസ്. രാഷ്ട്രീയത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 2013-ൽ ലോസ് ആഞ്ജലിസിൽ എറിക് ഗാർസേറ്റി ജയിച്ചുകയറി. 2006 മുതൽ 2012 വരെ ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ പ്രസിഡന്റായിരുന്നു ഈ 52-കാരൻ. കൊളംബിയ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. യു.എസ്. നാവികസേനയിൽ 12 വർഷം ജോലിചെയ്തിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..