Tiktok app in appstore | Photo: Gettyimages
ബെയ്ജിങ്: തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിനെ അമേരിക്ക തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൈന. ടിക് ടോക്കിലെ ഓഹരികൾ വിറ്റഴിക്കാൻ കമ്പനിയുടെ ചൈനീസ് ഉടമകളോട് അമേരിക്കൻഭരണകൂടം ആഹ്വാനംചെയ്തെന്ന വാർത്തകളെത്തുടർന്നാണ് ചൈനയുടെ പ്രതികരണം.
ദേശീയസുരക്ഷയ്ക്ക് ടിക് ടോക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ യു.എസിന് കഴിഞ്ഞിട്ടില്ല. ദേശീയസുരക്ഷയുടെ പേരിൽ വിദേശകമ്പനികളെ തകർക്കുന്ന സമീപനമാണ് യു.എസ്. സ്വീകരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങൾ അമേരിക്ക അവസാനിപ്പിക്കണം. വിദേശകമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ സാഹചര്യമൊരുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആപ്പിന്റെ ഉടമസ്ഥതയിൽനിന്ന് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് പിന്മാറിയില്ലെങ്കിൽ ആപ്പിന് നിരോധനമേർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറിവകുപ്പ് മുന്നറിയിപ്പുനൽകിയെന്ന വാർത്തകൾ ടിക് ടോക് അധികൃതർ തള്ളി.
ബ്രിട്ടനിലും നിരോധനം
ലണ്ടൻ: രാജ്യത്തെ സർക്കാർ മൊബൈൽഫോണുകളിൽ ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചു. സുരക്ഷാപ്രശ്നങ്ങളെത്തുടർന്നാണ് നിരോധനം. സൈബർ സുരക്ഷാവിദഗ്ധരുടെ നിർദേശപ്രകാരമാണ് നിരോധനമെന്നും കാബിനറ്റ് ഓഫീസ് മന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..