ഇസ്‍ലാമാബാദ്: തോഷാഖാനക്കേസിൽ കോടതിയിൽ കീഴടങ്ങിയാൽ അറസ്റ്റ് തടയുമെന്ന്് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പാക് ജഡ്ജി.
ഇമ്രാനെതിരേ ക്രിമിനൽ നടപടിയാവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കേസിൽ വാദം കേൾക്കവേയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സഫർ ഇക്ബാലിന്റെ പരാമർശം. ഫെബ്രുവരി 28-നാണ് ഇമ്രാനെതിരേ ജാമ്യമില്ലാ അറസ്റ്റുവാറന്റ് കോടതി പുറപ്പെടുവിച്ചത്. ഇമ്രാനെ അറസ്റ്റുചെയ്ത് ശനിയാഴ്ചയ്ക്കുമുമ്പ് കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഇമ്രാനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞദിവസം സർവസന്നാഹവുമൊരുക്കി ലഹോറിലെത്തിയ പോലീസ് വെറുംകൈയോടെയാണ് മടങ്ങിയത്. ഇമ്രാന്റെ പാർട്ടിയായ പി.ടി.ഐ. ഉയർത്തിയ പ്രതിരോധത്തിനുമുന്നിൽ അറസ്റ്റുനീക്കം പാളുകയായിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് ലോകമെമ്പാടും കളങ്കമേൽപ്പിച്ചതായി ലഹോറിലെ കോടതി കുറ്റപ്പെടുത്തി. ചരിത്രപ്രസിദ്ധമായ മിനാറെ പാകിസ്താനിൽ നടത്താനിരുന്ന പി.ടി.ഐ.യുടെ റാലി നിരോധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി 19-നാണ് റാലി നടത്താനിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..